കൊല്ലം: കെ.എസ്.ആർ.ടി.സി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ഗതാഗത സൗകര്യം കുറവുള്ള മേഖലകളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും പൊതുഗതാഗത സൗകര്യം എത്തിക്കാൻ ആരംഭിച്ച ഗ്രാമവണ്ടി സർവിസ് നടത്തുന്നതിൽ കൊല്ലം കോർപറേഷനിൽ അപാകത. 2023-24 വർഷത്തെ പദ്ധതി നടത്തിപ്പിലാണ് അപാകത ഉണ്ടായതായി ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ കനത്ത വിമർശനമുള്ളത്.
ഗ്രാമവണ്ടികൾക്ക് ഡീസൽ അടിക്കുന്നതിനുള്ള തുക തദ്ദേശ സ്ഥാപനങ്ങളാണ് അടക്കേണ്ടത്. എന്നാൽ, കൊല്ലം കോർപറേഷനിൽ ചട്ടവിരുദ്ധമായി വികസന ഫണ്ടിൽ നിന്നാണ് തുക ചെലവാക്കിയത്. സർക്കാർ ഉത്തരവ് പ്രകാരം തനത് ഫണ്ട് അല്ലെങ്കിൽ സംഭാവന ഉപയോഗപ്പെടുത്തിയായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത് എന്നാണ് ഉള്ളത്.
ടി.എസ്.പി, എസ്.ടി.പി വിഹിതമടക്കമുള്ള വികസന ഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്നും കർശന നിർദേശം നിലവിലിരിക്കെയാണ് ഫണ്ട് വകമാറ്റി ചെലവഴിച്ചത്. 6.79 ലക്ഷം രൂപയാണ് ഇത്തരത്തിൽ ചെലവഴിച്ചത്. അപാകത കണ്ടെത്തിയതിനെ തുടർന്ന് ഈ തുക ഓഡിറ്റിൽ തടസ്സപ്പെടുത്തി.
ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിച്ച് ബസുകളുടെ ഇന്ധന ക്ഷമത പരിശോധിച്ചെങ്കിലും നാളുകൾ കഴിഞ്ഞും ഇതിന്റെ സർട്ടിഫിക്കറ്റ് നഗരസഭക്ക് കിട്ടിയിരുന്നില്ല. പ്രതിദിനം 150 കിലോമീറ്റർ സഞ്ചരിക്കുന്ന മൂന്ന് ട്രിപ്പുകളാണ് കരാർ വെച്ചിരുന്നത്.
എന്നാൽ, കരാർ സ്വകാര്യ ബസുകൾ നിരന്തരം സർവിസ് നടത്തുന്ന റൂട്ടിലാണ് കോർപറേഷനിൽ പദ്ധതി ആവിഷ്കരിച്ചത്. ഇത് പദ്ധതിയുടെ ലക്ഷ്യങ്ങളെ തന്നെ തകിടം മറിക്കുന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ടൗൺ കേന്ദ്രീകൃതമായി ഗ്രാമവണ്ടി സർവിസ് നടത്തുന്നത് പദ്ധതിയുടെ ഉദ്ദേശലക്ഷത്തിന് തന്നെ വിപരീതമാണെന്നും ചൂണ്ടിക്കാട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.