1. അടിപ്പാതയെക്കുറിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത, 2. ഉമയനല്ലൂർ അടിപ്പാത കലക്ടർ സന്ദർശിക്കുന്നു
കൊട്ടിയം: അടിപ്പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ജില്ല ഭരണകൂടവും എം.എൽ.എയും പഞ്ചായത്ത് അധികൃതരും എത്തി. ദേശീയപാത നിർമാണഭാഗമായി ഉമയനല്ലൂർ ജങ്ഷനിൽ അശാസ്ത്രീയമായി നിർമിച്ച അടിപ്പാത ജങ്ഷനിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമാക്കിയിരുന്നു. ഈ വാർത്ത ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. ഉമയനല്ലൂർ ജങ്ഷനിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ഇരവിപുരം എം.എൽ.എ വിഷ്ണു മോഹന്റെ ആവശ്യപ്രകാരം ജില്ല കലക്ടർ ആനി ജൂല തോമസ് ഉമയനല്ലൂർ അടിപ്പാത സന്ദർശിച്ചു.
എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് എന്നിവരോടൊപ്പം എത്തിയാണ് കലക്ടർ സ്ഥിതി വിലയിരുത്തിയത്. കലക്ടറുടെ വാഹനവും കുരുക്കിൽപ്പെട്ടു. ജൂണിൽ സ്കൂളുകൾ തുറക്കുന്നതോടെ രൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ യോഗം ചേരാൻ തീരുമാനിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരം എത്രയും വേഗം ഉണ്ടാക്കണമെന്നും വിഷ്ണു മോഹൻ കലക്ടറോട് ആവശ്യപ്പെട്ടു. സർവിസ് റോഡുകളിൽ നിന്ന് ഇടറോഡുകളിലേക്ക് കയറുന്ന മിക്ക സ്ഥലങ്ങളിലും റോഡുകൾ തകർന്നുകിടക്കുന്നത് അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇവിടങ്ങളും എം.എൽ.എയും കലക്ടറും സന്ദർശിച്ചു. മയ്യനാട് പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് റാഫി, പഞ്ചായത്ത് മെംബർമാരായ എം. നാസർ, ശരണ്യ, യു.ഡി.എഫ് നേതാക്കളായ ഡി. സുരേഷ്, എ. നൗഷാദ്, യു.ഡി.എഫ് ചെയർമാൻ ആർ.എസ്. കണ്ണൻ, കൺവീനർ കിടങ്ങിൽ സുധീർ, മുഹമ്മദ് ആരിഫ്, സജീബ് ഖാൻ, ബിനോ ഭാർഗവൻ എന്നിവരും കലക്ടറോട് പ്രശ്നങ്ങൾ ധരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.