ദേശീയപാത നിർമാണ മറവിൽ കടത്തുന്നത് കോടികളുടെ മണൽ

കൊട്ടിയം: ദേശീയപാത നിർമാണത്തിന്റെ മറവിൽ കടത്തുന്നത് കോടികളുടെ മണൽ. പരവൂർ കായലിൽ നടക്കുന്ന മണലെടുപ്പ്കായലിന്റെ ആവാസ വ്യവസ്ഥയെതന്നെ തകിടം മറിക്കുന്ന രീതിയിലാണ്. മണൽ ഖനനത്തിന്റെ മറവിൽ തീരത്ത് നിന്നും ദിവസവും നൂറു കണക്കിന് ലോഡ് കരമണ്ണ് ആണ് കടത്തുന്നത്. ദേശീയപാത വികസനത്തിനായി കായൽമണ്ണ് ഉപയോഗിക്കരുത് എന്ന ദേശീയപാത അതോറിറ്റിയുടെ നിർദേശം നിലനിൽക്കെയാണ് കരാർകമ്പനി മണൽ ഖനനം നടത്തുന്നത്. സംസ്ഥാന ഇറിഗേഷൻ വകുപ്പാണ് ഖനനത്തിന് അനുമതി നൽകിയിരിക്കുന്നത്. പരവൂർ കായലിൽ നിന്ന് 2.2 മീറ്റർ ആഴത്തിൽ 3.2 ലക്ഷം ടൺ മണൽ ഖനനം ചെയ്തെടുക്കാനാണ് അനുമതി നൽകിയത്.

മേജർ ഇറിഗേഷൻ വകുപ്പിന്റെ ഉദ്യോഗസ്ഥരുടെ നിർദേശത്തിൽ ജിയോളജി വകുപ്പ് ആണ് പാസ് നൽകുന്നത് ദിവസം 10 ലോഡിൽ കൂടുതൽ വാഹനങ്ങൾക്ക് പാസ് നൽകാൻ ജിയോളജിക്ക് ആകില്ല എന്നിരിക്കെ ദിവസവും അമ്പതോളം ലോഡുകൾ ഇവിടെനിന്ന് പോകുന്നതായി പ്രദേശവാസികൾ പറയുന്നു. മേജർ ഇറിഗേഷൻ വകുപ്പ് അധികൃതരുടെ സാന്നിധ്യം ഇല്ലാതെയാണ് മണ്ണും മണലും ഉൾപ്പടെ ഖനനം ചെയ്യുന്നത്. ഖനനം മൂലം കരഭൂമി നഷ്ടപ്പെടുന്നത് മൺസൂൺ കാലത്ത് കടലാക്രമണം ശക്തമായാൽ കടലും കായലും ഒന്നാകുന്ന അവസ്ഥയ്ക്ക് കാരണമാകും. അനുവദനീയമായ ആഴത്തിൽ കൂടുതൽ ഖനനം നടത്തിയാൽ കായലിന്റെ ആഴത്തിൽ ഏറ്റക്കുറച്ചിൽ സംഭവിച്ച് പുതിയ പൊഴിമുഖങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. മണൽകൂനകൾ കായലിൽ തന്നെയുണ്ട്.

പരവൂർ കായലിൽ പൊഴിക്കര ചീപ്പ് പാലത്തിന് സമീപം കായലിന്റെ സ്വാഭാവിക ആഴം കുറഞ്ഞതിനാൽ രൂപപ്പെട്ട മൂന്ന് ഏക്കർ വിസ്‌തൃതിയുള്ള മണൽ തിട്ടയിലെ മണലാണ് നീക്കം ചെയ്യുന്നതെന്നാണ് ജലസേചന വകുപ്പ് പറയുന്നത്. എന്നാൽ, നിലവിൽ ഖനനം നടക്കുന്നത് താന്നിയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്ന തീരത്തോട് ചേർന്നുള്ള മേഖലയിലാണ്. കഴിഞ്ഞ ആറു മാസത്തോളം രാവും പകലും ഖനനം നടത്തിയിട്ടും മണൽത്തിട്ടകൾ മാറിയിട്ടില്ല എന്നിരിക്കെ വീണ്ടും വീണ്ടും ഖനനം തുടരുകയാണ്. 2025 ഏപ്രിൽ 21നും മേയ് 14നും ഈ വർഷം മാർച്ച് 15നും ഇറക്കിയ ഉത്തരവ് പ്രകാരമാണ് പരവൂർ കായലിൽ താന്നി, പൊഴിക്കര എന്നിവിടങ്ങളിൽനിന്ന് മണ്ണും എക്കലും എടുക്കുന്നത്. മണ്ണെടുപ്പിന് ചുമതലപ്പെടുത്തിയ ഏജൻസി തോന്നുംപോലെ കായലിൽനിന്നും കരയിൽനിന്നും രാപകൽ വ്യത്യാസമില്ലാതെ മണ്ണെടുക്കുന്നു.

ദേശീയപാത നിർമാണക്കരാർ കമ്പനിക്കുവേണ്ടി കായലിലെ മണ്ണും മണലും കൂടാതെ, കരഭാഗവും ജെ.സി.ബി ഉപയോഗിച്ചാണ് കോരിയെടുക്കുന്നത്. ഇതു പ്രദേശത്തെ വീടുകൾക്കും റോഡിനും ഭീഷണിയായി മാറുന്നുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും അശാസ്ത്രീയ ഡ്രഡ്‌ജിങ് വിനയായി മാറുന്നുണ്ട്. കിണറിന്റെ ആഴത്തേക്കാളും താഴ്ചയിൽ കായൽക്കരയിൽനിന്ന് മണ്ണെടുക്കുന്നത് ഭൂമിയുടെ ഉറപ്പിനെ ബാധിക്കും. കടൽകയറ്റവും ശക്തമായ മഴയും വന്നാൽ തിട്ട തകർന്ന് കടൽവെള്ളം കായലിലേക്ക് കയറുകയുംചെയ്യും. കടലിനെയും കായലിനെയും വേർതിരിക്കുന്നത് കൊല്ലം-താന്നി-പരവൂർ തീരദേശ റോഡാണ്. ഈ മണ്ണെടുപ്പ് മൂലം റോഡ് തകരാനും സാധ്യതയുണ്ട്.

Tags:    
News Summary - Crores value of sand being smuggled under the guise of national highway construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.