കല്ലുംതാഴത്ത് ഉയരപ്പാതയുടെ നിർമാണ പ്രവർത്തനം മുടങ്ങിയ നിലയിൽ
കൊട്ടിയം: ദേശീയപാതയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കല്ലും താഴത്തെ ഉയരപ്പാത തുറന്നു കൊടുക്കുന്നത് ഇനിയും നീളാൻ സാധ്യത. ഉയരപ്പാതയുടെ ഒരു വശം ജൂലൈ അവസാനം തുറന്നു കൊടുക്കും എന്നാണ് കരാർ കമ്പനി അധികൃതർ ജില്ല ഭരണകൂടത്തിനും സ്ഥലം സന്ദർശിച്ച മന്ത്രിക്കും ഉറപ്പു കൊടുത്തിരുന്നത്. കരാർ കമ്പനിക്കാരിൽ നിന്നും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ ജൂലൈ അവസാനം ഉയരപ്പാതയുടെ ഒരു ഭാഗം തുറന്നു കൊടുക്കുമെന്ന് മന്ത്രി ഷിബു ജോണും കലക്ടറും പറഞ്ഞിരുന്നു. എന്നാൽ, ഉയരപ്പാതയിൽ ഒരുവശം തുറന്നുകൊടുക്കുന്ന കാര്യത്തിൽ കരാർ എടുത്തിട്ടുള്ള കമ്പനി മെല്ലപ്പോക്ക് തുടരുകയാണ്.
റോഡിൻറെ ഒരുവശം തുറന്നു കൊടുക്കണമെങ്കിൽ ടാറിങ് നടത്തണം. ടാറിങ് ഒഴികെയുള്ള ജോലികൾ എല്ലാം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. കരാർ കമ്പനി വിചാരിച്ചാൽ ദിവസങ്ങൾക്കകം റോഡിൻറെ ഒരുവശം തുറന്നു കൊടുക്കാനുമാവും. എന്നാൽ ഇതിനാവശ്യമായ യാതൊരു പ്രവർത്തനങ്ങളും ഉയരപ്പാതയിൽ നടക്കുന്നില്ല. റെയിൽവേ ലൈന് മുകളിൽ ആർച്ച് പാലം ഉളള ഭാഗത്തെ റോഡ് നിർമാണവും എങ്ങും എത്തിയിട്ടില്ല. അത് തുറന്നു കൊടുക്കണമെങ്കിൽ ഇനിയും ആറുമാസം എങ്കിലും എടുക്കുന്ന സ്ഥിതിയാണ്. ഉയരപ്പാതയുടെ ഒരു വശം തുറന്നു കൊടുത്താലും സർവിസ് റോഡ് ഇല്ലാത്തതിനാൽ കല്ലുംതാഴം ജങ്ഷനിലേക്ക് പോകാൻ കഴിയില്ല.
ജങ്ഷനിലേക്ക് പോകണമെങ്കിൽ ലെവൽ ക്രോസ് വഴി തന്നെ പോകണം. ഉയരപ്പാതയുടെ രണ്ടുവശത്തും സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ രണ്ട് റെയിൽവേ മേൽപ്പാലങ്ങൾ കൂടി നിർമ്മിക്കേണ്ടതുണ്ട്. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനം ഇറക്കിയെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കി സർവീസ് റോഡ് നിർമിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും. സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് വരെ പുളിയത്ത് മുക്ക് കല്ലുംതാഴം പെട്രോൾ പമ്പ് വരെയുള്ള റോഡിലൂടെ മാത്രമേ കല്ലുംതാഴത്തേക്ക് പോകാൻ കഴിയുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.