representational image 

ദേശീയപാത നിർമാണത്തിന്റെ മറവിൽ മണ്ണ് കടത്ത് വ്യാപകം

കൊട്ടിയം: ദേശീയപാതയുടെ പുനർനിർമാണത്തിന് പതിനായിരക്കണക്കിന് ലോഡ് കരമണ്ണ് വേണമെന്നിരിക്കെ ഏറ്റെടുത്ത സ്ഥലങ്ങളിലെ ഒഴിപ്പിക്കലിന്റെ മറവിൽ ദിവസവും ലോഡ് കണക്കിന് കരമണ്ണ് കടത്തിയിട്ടും അധികൃതർ കണ്ടമട്ടില്ല.

ദേശീയപാതയോരത്തെ മണ്ണ് കൊണ്ട് പാതയോരത്തെ താഴ്ന്ന പ്രദേശങ്ങളിൽ പുതുതായി റോഡ് നിർമിക്കാമെന്നിരിക്കെ അതെല്ലാം അട്ടിമറിക്കുകയാണെന്നാണ് ആരോപണം.

ചാത്തന്നൂർ സ്പിന്നിങ് മില്ലിനോട്‌ ചേർന്നുള്ള സർക്കാർ ഭൂമിയിൽനിന്ന് നിർമാണ കമ്പനി അധികൃതരുടെ ഒത്താശയോടെ നൂറ് കണക്കിന് ലോഡ് പാറയാണ് മതിൽ പൊളിച്ചുകടത്തിയത്. ഇവിടെ ഇനി മതിൽ കെട്ടണമെങ്കിൽ പാറ പുതുതായി ഇറക്കേണ്ട അവസ്ഥയാണ്.

പൊലീസിൽ നിരവധി തവണ പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. കല്ലുവാതുക്കലിൽ ഇ.എസ്.ഐ കോർപറേഷൻ ഭൂമിയിൽനിന്ന് രാത്രിയുടെ മറവിൽ നൂറുകണക്കിന് ലോഡ് മണ്ണാണ് കടത്തിയത്. പകൽ മണ്ണെടുക്കാൻ വന്നത് നാട്ടുകാർ തടഞ്ഞതോടെയാണ് രാത്രിയിൽ എടുത്തത്.

ഇതിനെതിരെയും പൊലീസിലും വകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ദേശീയപാത നിർമാണകമ്പനിയുടെ കാരാറുകാർ എന്ന വ്യാജേന വസ്തു ഉടമകളുടെ അടുത്തെത്തി കെട്ടിടം പൊളിക്കാൻ ഏൽപിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നിർബന്ധിച്ച് കെട്ടിടം പൊളിക്കുന്ന സംഘങ്ങളും സജീവമായുണ്ട്.

ചാത്തന്നൂർ തിരുമുക്കിൽ അടുത്തിടെ നാട്ടുകാർ നടക്കുന്ന വഴി നിർബന്ധിച്ച് പൊളിക്കാൻ ശ്രമിച്ചത് ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇവിടെ കട നടത്തിയവർ ഉപേക്ഷിച്ചുപോയ പാറയിൽ അവകാശമുന്നയിച്ച് ഒരു കരാറുകാരൻ രംഗത്തെത്തിയത് നാട്ടുകാരുമായി സംഘർഷത്തിന് കാരണമായി.

കരാർ കമ്പനികളുടെ മെഷീൻ ഓപറേറ്റർമാരെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചാണ് കരമണ്ണ് മാഫിയ ചെറുതും വലുതുമായ ടിപ്പറുകളിൽ ആയിരക്കണക്കിന് ലോഡ് മണ്ണ് രാവും പകലുമായി കടത്തുന്നത്.

Tags:    
News Summary - Soil smuggling is rampant under the guise of national highway construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.