ഉമയനല്ലൂർ കടമ്പാട്ടുമുക്കിൽ ഓടനിർമാണത്തിനിടെ പൈപ്പ് പൊട്ടിയപ്പോൾ
കൊട്ടിയം: ജനങ്ങളുടെ കുടിവെള്ളം അടിക്കടി മുട്ടിച്ചുള്ള റോഡ് പുനർനിർമാണത്തിനെതിരെ വ്യാപക പ്രതിഷേധം. ദേശീയപാതയുടെ പുനർനിർമാണത്തിനിടെയുള്ള ഓട നിർമാണത്തിനിടെ കൊട്ടിയം, ഉമയനല്ലൂർ, മേവറം ഭാഗങ്ങളിൽ മാത്രം പൈപ്പ് പൊട്ടിയത് ഇരുപത്തിയഞ്ചോളം ഇടങ്ങളിലാണ്. ഓട നിർമാണത്തിനായി കുഴിയെടുത്തപ്പോൾ ജപ്പാൻ കുടിവെള്ള പദ്ധതിയുടെയും പ്രാദേശിക ജലവിതരണ പദ്ധതിയുടെയും പൈപ്പുകളാണ് പലയിടത്തും പൊട്ടിയത്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇത്തിക്കരയിലും ഉമയനല്ലൂരിലും പൊട്ടിയതിനെ തുടർന്ന് കൊല്ലം നഗരത്തിലടക്കം കുടിവെള്ള വിതരണം മുടങ്ങി. വ്യാഴാഴ്ച ഉമയനല്ലൂർ കടമ്പാട്ടുമുക്കിനടുത്താണ് കുടിവെള്ള വിതരണപൈപ്പ് പൊട്ടിയത്. വിവരമറിഞ്ഞ വാട്ടർ അതോറിറ്റി ആ പ്രദേശത്തെ വാൽവ് അടച്ച് ജലവിതരണം നിർത്തിയതല്ലാതെ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ചില്ല. ദേശീയപാത പുനർനിർമാണത്തിന് കരാറെടുത്തവർ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ചുകൊള്ളുമെന്നാണ് വാട്ടർ അതോറിറ്റി അധികൃതരുടെ നിലപാട്.
വാട്ടർ അതോറിറ്റി അധികൃതരുടെ സാന്നിധ്യമില്ലാതെ ഓടക്കായി കുഴിയെടുക്കുന്നതാണ് പൈപ്പുകൾ പൊട്ടാൻ കാരണമാകുന്നത്. പൈപ്പ് പൊട്ടിയാൽ ദിവസങ്ങളോളം കുടിവെള്ളം വില കൊടുത്തുവാങ്ങേണ്ട സ്ഥിതിയാണ് ഈ പ്രദേശത്തുള്ളവർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.