കൊട്ടിയം: കേസ് ഒത്തുതീർപ്പാക്കുന്നതിന് സ്റ്റേഷനിലെത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന് പരാതി.പഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും പഞ്ചായത്തംഗവും കൊട്ടിയം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീല ബിനു, വൈസ് പ്രസിഡൻറ് ആർ. സാജൻ, പഞ്ചായത്തംഗം ദീപ്തി സുരേഷ് എന്നിവരാണ് പൊലീസ് സ്റ്റേഷൻ കവാടത്തിൽ കുത്തിയിരിപ്പ് നടത്തിയത്. സമരം നടത്തുന്നതറിഞ്ഞ് നിരവധി കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷൻ പരിസരത്തെത്തി. എസ്.എച്ച്.ഒയുടെ ചുമതലയുള്ള കണ്ണനല്ലൂർ സി.ഐ വിപിൻകുമാറിെൻറ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘവും സ്ഥലത്തെത്തി.
സ്വകാര്യ ബസിെൻറ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ചെന്ന പരാതിയിലാണ് കൊട്ടിയം സ്വദേശി വിപിനെ ശനിയാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാക്കിയത്. പരാതിക്കാരുമായി ചർച്ച ചെയ്ത് നഷ്ടപരിഹാരം നൽകാൻ തയാറാെണന്ന ഉറപ്പിലാണ് വിപിനെ സ്റ്റേഷനിൽ ഹാജരാക്കിയതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാജൻ പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തിയ വിപിനെ പൊലീസ് ലോക്കപ്പിലടച്ച് ക്രൂരമായി മർദിച്ചതായാണ് ആരോപണം. ഇയാളെ പിന്നീട് നെടുങ്ങോലം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ പഞ്ചായത്ത് പ്രസിഡൻറിനോട് എസ്.ഐ അപമര്യാദയായി പെരുമാറിയതായും സമരക്കാർ ആരോപിച്ചു. സമരം നടക്കുന്നതറിഞ്ഞ് കൂടുതൽ കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷൻ പരിസരത്ത് എത്തിയത് സംഘർഷാവസ്ഥക്ക് കാരണമായി. പൊലീസ് ഇൻസ്പെക്ടർ വിപിൻകുമാർ സമരക്കാരുമായി നടത്തിയ ചർച്ചക്കൊടുവിൽ സ്റ്റേഷൻ ജാമ്യം നൽകി പ്രതിയെ വിട്ടയച്ചു.
പ്രതിയുടെ പേരിൽ നിരവധി പരാതികൾ ലഭിച്ചിട്ടുള്ളതിനാൽ കേസെടുക്കാതെ വിട്ടയക്കാനാകില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് എസ്.ഐ സുജിത് സി.നായർ പറഞ്ഞു. ഇയാളെ ലോക്കപ്പിൽ കയറ്റി മർദിച്ചിട്ടില്ലെന്നും യാത്രക്കാരുമായെത്തിയ സ്വകാര്യ ബസിെൻറ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ചെന്ന പരാതിയിൽ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചെന്നുമാണ് പൊലീസ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.