കൊട്ടിയം: യാത്രക്കിടെ ബസിൽ കുഴഞ്ഞുവീണയാൾക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ ഒത്തുചേർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരും യാത്രക്കാരും. ബുധനാഴ്ച രാത്രി 8.20ഓടെ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വന്ന കൊല്ലം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് കൊട്ടിയം കഴിഞ്ഞപ്പോൾ രാജീവ് എന്ന യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണത്. ഇരിക്കുകയായിരുന്നയാൾ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണത് കണ്ട്, കൊട്ടിയത്തുനിന്ന് ബസിൽ കയറിയ സ്വകാര്യ ആശുപത്രിയിലെ നഴ്സ് പെട്ടെന്ന് പ്രഥമശുശ്രൂഷ നൽകി.
അവസ്ഥ മോശമാകുന്നത് കണ്ട് ഡ്രൈവർ എസ്. ശ്യാംകുമാറും കണ്ടക്ടർ എം. ശാലിനിയും മറ്റ് യാത്രക്കാരുടെ പിന്തുണയോടെ വളരെ പെട്ടെന്ന് സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ബസ് ഹോൺ മുഴക്കി പാഞ്ഞ് നിമിഷങ്ങൾ കൊണ്ടാണ് ആശുപത്രിയിൽ എത്തിയത്. കല്ലുവാതുക്കലിൽനിന്ന് ബസിൽ കയറുമ്പോൾ തന്നെ മോശം അവസ്ഥയിലായിരുന്നതായാണ് കണ്ടക്ടർക്ക് തോന്നിയതെന്ന് ഡ്രൈവർ എസ്. ശ്യാംകുമാർ പറഞ്ഞു. യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കിയശേഷമാണ് ബസ് കൊല്ലം ഡിപ്പോയിലേക്ക് തിരിച്ചത്. ഇതിനിടയിൽ അദ്ദേഹത്തിന്റെ ഫോണിൽനിന്ന് വീട്ടുകാരെയും വിവരമറിയിച്ചു. ഒരു മണിക്കൂറോളം സമയം നഷ്ടമായെങ്കിലും യാത്രക്കാർ മികച്ച സഹകരണമാണ് നൽകിയതെന്ന് ഡ്രൈവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.