1. ചാത്തന്നൂരിൽ റോഡ് വശത്തെ സംരക്ഷണ ഭിത്തിയുടെ സ്ലാബ് തകർന്നു വീണപ്പോൾ
2. സമീപത്തെ സ്ലാബിൽ വിള്ളൽ വീണ നിലയിൽ
കൊട്ടിയം: സുരക്ഷ മാനദണ്ഡം പാലിക്കാതെയും ഉദ്യോഗസ്ഥ സാന്നിധ്യം ഇല്ലാതെയും ദേശീയപാത നിർമാണം നടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. ഉയരത്തിലുള്ള റോഡുകളുടെ വശങ്ങളിലെ ഇന്റർലോക്ക് സ്ലാബുകൾ തകർന്നു വീഴുന്നതും വിള്ളൽ വീഴുന്നതും അപകടഭീഷണി ഉയർത്തുന്നു. കൊട്ടിയത്ത് ഫെഡറൽ ബാങ്കിനടുത്തും സമീപത്തുമുള്ള സ്ലാബുകൾ വിള്ളൽ വീണ് നിലംപൊത്താവുന്ന നിലയിലാണ്.
ദേശിയപാതയുടെ നിർമാണ പ്രവർത്തിക്കിടെ ചാത്തന്നൂരിൽ സ്ലാബ് സർവീസ് റോഡിലേക്ക് വീണ് ബൈക്കുകാരൻ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. നിർമാണത്തിനിടെ എസ്കവേറ്ററിൽ നിന്ന് ഹൂക്ക് പൊട്ടിയതിനെ തുടർന്നാണ് സ്ലാബ് സർവീസ് റോഡിലേക്ക് വീണത്.
വേണ്ടത്ര സുരക്ഷയൊരുക്കാതെ നടക്കുന്ന നിർമാണം അപകടസാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച പാരിപ്പള്ളി മുക്കടയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് സർവീസ് റോഡിലൂടെ വന്ന സ്വകാര്യ ബസിലിടിച്ചു 19 പേർക്ക് പരിക്കേറ്റിരുന്നു. ഉയരത്തിൽ സ്ലാബ് സ്ഥാപിക്കുന്ന ജോലികൾ നടന്നുവരവേ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് പെട്ടന്ന് താഴ്ത്തി ഉയർത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
നിർമാണ ജോലിക്കിടെ പൈപ്പ് പൊട്ടി ദേശീയപാതയിൽ വെള്ളക്കെട്ടായി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. ചാത്തന്നൂർ തിരുമുക്കിന് സമീപം കഴിഞ്ഞ ദിവസമാണ് പെപ്പ് പൊട്ടി അപകടമുണ്ടായത്. അംബുലൻസുകളും ബസുകളും ഇരുചക്ര വാഹനങ്ങളും വെള്ളക്കെട്ടിൽ കുടുങ്ങി. വെള്ളക്കെട്ടിൽ റോഡും കുഴിയും തിരിച്ചറിയാൻ പറ്റാതായി.
കഴിഞ്ഞ രണ്ടുതവണ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാനപൈപ്പ് പൊട്ടിയതും ചാത്തന്നൂരിലായിരുന്നു. ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥ സാനിധ്യമില്ലാത്തതിനാൽ തോന്നുംപടിയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന ആരോപണവുമായി വിവിധ സംഘടനകളും രംഗത്തെത്തി. കൊട്ടിയത്ത് ഉയരത്തിലുള്ള റോഡിന്റെ വശങ്ങളിലെ സ്ലാബുകളിലെ വിള്ളൽ റൈസിങ് കൊട്ടിയം ഭാരവാഹികൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.