ആ​ർ.​ഇ വാ​ൾ ത​ക​ർ​ന്ന​നി​ല​യി​ൽ

കൊട്ടിയത്ത് തകർച്ച മറയ്ക്കാൻ സിമന്‍റുതേച്ച് ‘മിനുക്കുപണി’; ജനരോഷം ഇരമ്പുന്നു

കൊട്ടിയം: ദേശീയപാത 66ന്‍റെ വികസനവുമായി ബന്ധപ്പെട്ട് മൈലക്കാട് മുതൽ പറക്കുളം വരെയുള്ള ഭാഗത്ത് ഉയരുന്ന മൺമതിലിൽ വൻ വിള്ളലുകൾ. കലക്ടറുടെ സ്റ്റേ ഉത്തരവ് നിലനിൽക്കെ, തകർച്ച മറച്ചുവെക്കാൻ കരാർ കമ്പനി ഇരുട്ടിന്‍റെ മറവിൽ ‘മിനുക്കുപണികൾ’ നടത്തുന്നത് ജനങ്ങളെ വീണ്ടും പ്രകോപിതരാക്കുന്നു. ജനങ്ങളുടെ ജീവനും സുരക്ഷക്കും പുല്ലുവില കൽപിച്ചുകൊണ്ടുള്ള കരാർ കമ്പനിയുടെ നീക്കത്തിനെതിരെ പ്രദേശത്ത് ജനരോഷം ശക്തമാണ്.

കഴിഞ്ഞ ഒന്നിന് പറക്കുളത്ത് ഭീമൻ കോൺക്രീറ്റ് പാനലുകൾ പുറത്തേക്കുതള്ളി വരികയും മൺമതിൽ അപകടാവസ്ഥയിലാവുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് എം.പി എൻ.കെ. പ്രേമചന്ദ്രൻ, എം.എൽ.എമാരായ ജയലാൽ, നൗഷാദ്, സബ് കലക്ടർ എന്നിവർ സ്ഥലത്തെത്തുകയും ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഏഴ് ദിവസത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ, ഈ ഉത്തരവ് കാറ്റിൽ പറത്തി കരാർ കമ്പനി രാപ്പകൽ നിർമാണം തുടരുകയാണ്.

മണ്ണിന്‍റെ സമ്മർദം താങ്ങാനാവാതെ പാനലുകളിൽ രൂപപ്പെട്ട വലിയ വിള്ളലുകളും തകർന്ന അരികുകളും പുറംലോകം അറിയാതിരിക്കാൻ സിമന്റ് തേച്ച് മിനുക്കി ഒളിപ്പിക്കാനാണ് ഇപ്പോൾ കമ്പനി ശ്രമിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പരിശോധന വരുന്നതിന് മുമ്പ് തെളിവുകൾ നശിപ്പിക്കാനുള്ള ഈ ഗൂഢനീക്കം നാട്ടുകാർ തടഞ്ഞു. ശനിയാഴ്ച രാവിലെയും എച്ച്.പി പമ്പിന് സമീപം പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങൾ അതീവ ഭീതിയിലാണ്.

കരാർ കമ്പനിയുടെ നിയമലംഘനം ചൂണ്ടിക്കാട്ടി സംയുക്ത സമരസമിതി കലക്ടർക്കും കൊട്ടിയം പൊലീസിനും പരാതി നൽകി. കലക്ടറുടെ ഉത്തരവ് ലംഘിച്ച് നിർമാണം തുടരുന്നതിനാൽ നാട്ടുകാർ പണി തടയുമെന്ന് സമരസമിതി പ്രഖ്യാപിച്ചു. ഇതിനിടെ എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളോ അക്രമങ്ങളോ ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം കരാർ കമ്പനിക്കും അധികൃതർക്കുമായിരിക്കുമെന്നും കൊട്ടിയം സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. ജനുവരി 13ന് നടക്കുന്ന മനുഷ്യച്ചങ്ങല വൻ വിജയമാക്കാനും സമരസമിതി ആഹ്വാനം ചെയ്തു. 

Tags:    
News Summary - Applying cement to cover up the collapse of Kottiyam; Public anger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.