കടയ്ക്കലിലെ ആധുനിക വാതക ശ്മശാനം
കടയ്ക്കൽ: പ്രതിഷേധത്തെ തുടർന്ന് കടയ്ക്കലിലെ ആധുനിക വാതക ശ്മശാനം പൂട്ടി. നവീകരണത്തിന് ശേഷം പ്രവർത്തനം തുടങ്ങി ഒരു മാസമായപ്പോഴാണ് ശ്മശാനം വീണ്ടും പൂട്ടിയത്. ദിവസങ്ങൾക്ക് മുമ്പ് മൃതദേഹം സംസ്കരിച്ചപ്പോൾ പുകയും രൂക്ഷഗന്ധവും നിറഞ്ഞു. പുക മുകളിലേക്ക് പോകാതെ നാലുപാടും വ്യാപിച്ചു. പ്രദേശവാസികളെത്തി ബഹളമുണ്ടാക്കിയതോടെയാണ് ശ്മശാനം താൽകാലികമായി വീണ്ടും പൂട്ടിയത്. ആദ്യവും ഇതേ വിഷയം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രശ്നങ്ങൾ പരിപരിഹരിച്ചാണ് ശ്മശാനം വീണ്ടും തുറന്നതെന്നാണ് പഞ്ചായത്തിന്റെ വാദം.
1.75 കോടി രൂപ ചെലവഴിച്ചാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ചായിക്കോട്ട് വാതക ശ്മശാനം പൂർത്തിയാക്കിയത്. ഉദ്ഘാടനത്തിന് ശേഷം തകരാറിലായതിനെ തുടർന്ന് പല തവണ പൂട്ടിയിരുന്നു. ജനവാസ മേഖലയിൽ ശ്മശാനം സ്ഥാപിക്കുന്നതിനെതിരെ തുടക്കം മുതൽ പ്രതിഷേധം ശക്തമായിരുന്നു. അംഗൻവാടി, പകൽവീട്, പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റ് എന്നിവയോട് ചേർന്നാണ് വാതക ശ്മശാനം നിർമിച്ചത്. തുടർന്ന് പല തവണ പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കിരുന്നു. മൃതദേഹം സംസ്കരിക്കുമ്പോൾ ഗന്ധം പരിസരങ്ങളിൽ വ്യാപിച്ചിരുന്നു. ഏറെ വിവാദങ്ങൾക്ക് ശേഷം ശ്മശാനത്തിന്റെ തകരാർ പരിഹരിച്ച് ഡമ്മി മൃതദേഹ സംസ്കാര പരീക്ഷണത്തിന് ശേഷം ഒരുമാസം മുമ്പ് പ്രവർത്തനം പുനരാരംഭിച്ചിരുന്നു. പിന്നീട് എട്ടോളം മൃതദേഹം സംസ്കരിച്ചു.
അപ്പോഴൊക്കെ ചെറിയ തരത്തിൽ പുകയും ഗന്ധവുമുണ്ടായിരുന്നെങ്കിലും അത് കാര്യമാക്കിയിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് രണ്ട് മൃതദേഹം സംസ്കരിക്കാനെത്തി. രണ്ടാമത്തേത് സംസ്കരിക്കുമ്പോഴാണ് പ്രശ്നമായത്. പുകയും ഗന്ധവും നിറഞ്ഞു. ദഹനാവശിഷ്ട ദ്രാവകം പ്ലാന്റിന് പുറത്തേക്ക് ഒഴുകി. ഇതോടെയാണ് നാട്ടുകാർ ബഹളമുണ്ടാക്കിയത്. ഇതോടെ ആരോഗ്യ വകുപ്പ് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി ശ്മശാനം അടച്ചുപൂട്ടുകയായിരുന്നു. നാലര വർഷം മുമ്പാണ് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച് നിർമാണം തുടങ്ങിത്.
അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനിടെ തന്നെ പലതവണ തകരാറിലായ ശ്മശാനം പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടിയിരുന്നു. നിലവാരമില്ലാത്ത പ്ലാന്റാണ് നിർമിച്ചതെന്നും ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നും അന്നു മുതൽ ആരോപണമുണ്ടായിരുന്നു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇനി ഇവിടെ ശ്മശാനം പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.