കിഴക്കൻ മലയോരമേഖലകളിൽ പന്നിശല്യം രൂക്ഷം

കടയ്ക്കൽ: ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ പന്നി ശല്യം രൂക്ഷമാകുന്നു. കൃഷി ചെയ്ത് ജീവിതമാർഗം തേടുന്ന മേഖലയിലെ ബഹുഭൂരിപക്ഷം സാധാരണക്കാരും ഇപ്പോൾ ഗതികേടിലാണ്. കാട്ടുപന്നി ശല്യം കൂടിയതോടെ കാർഷിക മേഖല സ്തംഭിച്ച അവസ്ഥയിലാണ്.

ചടയമംഗലം, കുമ്മിൾ, ചിതറ, കടയ്ക്കൽ, ഇട്ടിവ പഞ്ചായത്തുകളിലെ കാർഷിക മേഖലയാണ് പന്നികളുടെ വിളയാട്ടത്തെ തുടർന്ന് തകർച്ചയിലായത്. ചിതറയിലെ മാങ്കോട്, സൈഡ്വാൾ, തൂറ്റിക്കൽ, തലവരമ്പ്, ഐരക്കുഴി, കുമ്മിൾ പഞ്ചായത്തിലെ ആനപ്പാറ, വെള്ളൂരേല, തൃക്കണ്ണാപുരം, ചെറുകര, കടയ്ക്കലിലെ മറുപുറം, പുല്ലുപണ, ചായിക്കോട്, ഗോവിന്ദമംഗലം, ചടയമംഗലം പഞ്ചായത്തിലെ പോരേടം, ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കൽ, വയ്യാനം, ചുണ്ട എന്നിവിടങ്ങളിലാണ് പന്നി ശല്യം രൂക്ഷമായുള്ളത്. ഇവിടങ്ങളിൽ തുടർച്ചയായി കൃഷി നശിപ്പിക്കുന്നുണ്ട്.

തരിശുപാടങ്ങളിൽ കൃഷിയിറക്കി നെൽ കൃഷി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം വ്യാപകമാകുമ്പോഴും മേഖലയിൽ കൃഷി ചെയ്യാതെ തരിശിടുന്ന ഭൂമിയും വർധിക്കുന്നു. പഞ്ചായത്തുകളുടെ ഉൾമേഖലകളിലൊക്കെ ഏക്കർ കണക്കിന് കൃഷിയിടങ്ങളാണ് ഇങ്ങനെ തരിശുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നത്.

രാപകൽ വ്യത്യാസമില്ലാതെ കൃഷി നശിപ്പിക്കുന്ന പന്നിക്കൂട്ടങ്ങൾ തന്നെ ഇതിന് കാരണം. മരച്ചീനി, ചേമ്പ്, കാച്ചിൽ, വാഴ, പച്ചക്കറികൾ തുടങ്ങി റബർ വരെ എല്ലാത്തരം കൃഷികൾക്കും ഇവ ഭീഷണിയാണ്. വേലി നിർമിച്ചും മറ്റും കൃഷി സംരക്ഷിക്കാനുള്ള ശ്രമവും ഫലപ്രദമാകുന്നില്ല.

സാധാരണ വേലികളൊക്കെ പന്നികൾ നശിപ്പിക്കുന്നതിനെതുടർന്ന് വില കൂടിയ ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് വേലി നിർമിക്കുന്നവരുമുണ്ട്. പന്നികളെ വെടിവെച്ച് കൊല്ലാൻ അനുവാദമുണ്ടെങ്കിലും അതും ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപമുണ്ട്. മന്ത്രി ജെ. ചിഞ്ചുറാണി ഇടപെട്ട് പന്നികളിൽനിന്ന് കൃഷിഭൂമിയെ സംരക്ഷിക്കാൻ ഇടപെടൽ നടത്തുമെന്ന് ഉറപ്പുനൽകിയെങ്കിലും ഒന്നും നടന്നില്ല. കാട്ടുപന്നികളുടെ ശല്യം വർധിച്ചതോടെ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് കർഷകർ.

Tags:    
News Summary - Pig menace is severe in hilly areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.