അഞ്ചൽ: നെയ്ത്ത് തൊഴിലാളി സഹകരണസംഘത്തിനു വേണ്ടി വർഷങ്ങൾക്കു മുമ്പ് വാങ്ങിയ സ്ഥലം അന്യാധീനമായി. ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഇടയത്ത് മലയാംകുളം ഭാഗത്തുള്ള ഒരേക്കർ ഭൂമിയാണ് നശിക്കുന്നത്.
1979ൽ ഇടമുളയ്ക്കൽ, അഞ്ചൽ എരൂർ പഞ്ചായത്ത് പ്രദേശത്തെ പ്രവർത്തന പരിധിയായി നിശ്ചയിച്ചാണ് ടി.വി തോമസ് മെമ്മോറിയൽ നെയ്ത്ത് തൊഴിലാളി സഹകരണ സംഘം രൂപവത്കരിച്ചത്.1982ൽ സംഘത്തിെൻറ പേരിൽ വ്യവസായ വകുപ്പിൽ നിന്നും വായ്പയെടുത്തും തൊഴിലാളികളായ 124 പേരിൽ നിന്നും ഷെയറായി വാങ്ങിയ തുകയും ഉപയോഗിച്ചാണ് ഒരേക്കർ ഒരു സെൻറ് വസ്തു വാങ്ങിയത്.
തുടർന്ന്, വാടകക്കെട്ടിടത്തിൽ ഓഫിസ് പ്രവർത്തനമാരംഭിക്കുകയും കെട്ടിട നിർമാണത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തതാണ്. എന്നാൽ, തുടർന്നുള്ള നിർമാണ പ്രവർത്തനങ്ങൾ മുടങ്ങി. ഓഫിസ് പ്രവർത്തനം നിലച്ചതോടെ സംഘത്തിെൻറ സുപ്രധാന രേഖകളും നഷ്ടമായി. വ്യവസായ വകുപ്പിൽ നിന്ന് വായ്പയായി വാങ്ങിയ തുകയുടെ തിരിച്ചടവ് മുടങ്ങുകയും വലിയ തുകയുടെ സാമ്പത്തിക ബാധ്യതയും വന്നു. അന്നത്തെ ഓഹരിയുടമകൾ മിക്കവരും ഇന്ന് ജീവിച്ചിരിപ്പില്ല. ഇതിനെത്തുടർന്ന് അഞ്ചു വർഷം മുമ്പ് സർക്കാർ സംഘത്തെ ലിക്വിഡേറ്റ് ചെയ്യുകയും ആസ്തികൾ വ്യവസായ വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു.
സ്ഥലം മുഴുവൻ കാടുകയറുകയും കിണറ്റിലും പരിസരത്തും മാലിന്യം തള്ളലും ആരംഭിച്ചതോടെ തെരുവുനായ്ക്കളും ഇഴജന്തുക്കളും പെരുകാനും തുടങ്ങി. പൊലിക്കോട് മെതുകുമ്മേൽ റോഡ് പണിയുടെ കരാറുകാർ സ്ഥലം ൈകയേറി മണ്ണും വേസ്റ്റും ഇവിടെ കൊണ്ടിട്ടിരിക്കുകയാണ്. രാത്രി ആളുകൾ ഇവിടെ ചാക്കുകളിൽ മാലിന്യം തള്ളാനും തുടങ്ങി. മഴക്കാലത്ത് മൺകൂന ഇടിഞ്ഞ് സമീപത്തെ റോഡിലേക്കും വീട്ടുമുറ്റങ്ങളിലേക്കും ഒലിച്ചിറങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.