കൊല്ലം കലക്ടറേറ്റിലെ സ്ഫോടന കേസിലെ പ്രതികളായ ദാവൂദ് സുലൈമാൻ കോയ, അബ്ബാസ് അലി, ഷംസുദീൻ കരീം രാജ , ഷംസുദീൻ എന്നിവരെ കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ കൊല്ലം കോടതിയിൽ എത്തിച്ചപ്പോൾ
കൊല്ലം: കലക്ടറേറ്റിൽ 2016 ജൂൺ 15നുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രതികളെ ഹാജരാക്കി കുറ്റപത്രം വായിച്ചു. വിചാരണ തുടങ്ങുന്നതിന് മുന്നോടിയായാണ് കേസിലെ നാല് പ്രതികളെയും ഹാജരാക്കി കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്.
ബേസ് മൂവ്മെന്റ് പ്രവർത്തകരും തമിഴ്നാട് മധുര സ്വദേശികളുമായ അബ്ബാസ് അലി(32), ദാവൂദ് സുലൈമാൻ (27), കരിം രാജ (27), ഷംസുദ്ദീൻ (28) എന്നിവരാണ് കേസിലെ പ്രതികൾ. 11ന് രണ്ട് പ്രതികളെ മാത്രം എത്തിച്ചതിനാലാണ് കുറ്റപത്രം വായിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
കനത്ത സുരക്ഷയിലാണ് പ്രതികളെ കൊല്ലം കോടതിയിലെത്തിച്ചത്. തമിഴ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയാണ് കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചത്. പ്രതികൾ കുറ്റം നിഷേധിച്ചു. അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെങ്കിലും കോടതി നിഷേധിച്ചു.
2016 ജൂൺ 15ന് രാവിലെ 10.50 ഓടെയാണ് കൊല്ലം കലക്ടറേറ്റ് വളപ്പിൽ സ്ഫോടനം നടന്നത്. തൊഴിൽ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പിൽ ചോറ്റ് പാത്രത്തിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. 2017 സെപ്റ്റംബർ എട്ടിന് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കൊല്ലത്തിനു പുറമേ മലപ്പുറം, ആന്ധ്രയിലെ ചിറ്റൂരിലുണ്ടായ ബോംബ് സ്ഫോടനത്തിലും ഇവർ പ്രതികളാണ്. ആന്ധ്രയിലെ സ്ഫോടനത്തിൽ പിടിയിലായതോടെയാണ് കൊല്ലം കലക്ടറേറ്റ് സ്ഫോടന കേസിൽ തുമ്പുണ്ടാകുന്നത്. ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലാ ജയിലിൽ നിന്ന് സായുധ പൊലീസിന്റെ കനത്ത സുരക്ഷയിലാണ് പ്രതികളെ കൊല്ലത്തെത്തിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ബി. സേതുനാഥ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.