‘ദേശപ്പോര്’ സംവാദത്തിൽ ബിനോയ് വിശ്വം സംസാരിക്കുന്നു
കൊല്ലം: ശബരിമലയിൽ വിശ്വാസികളെ വ്രണപ്പെടുത്തുന്ന നിലയിൽ പൊറുക്കാനാകാത്ത കള്ളത്തരം ചെയ്തവർ ആരായാലും ഏത് പാർട്ടിയിൽ ആയാലും ഇടതുപക്ഷ സർക്കാർ അവരെ വെറുതെവിടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാരണത്താൽ ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ സർക്കാറിനെയോ മുന്നണിയെയോ ബാധിക്കില്ലെന്നും കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ദേശപ്പോര്’ സംവാദത്തിൽ അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന് ഒരോ വിശ്വാസിയോടും ബഹുമാനവും കൂറുമുണ്ട്. ഇടതുപക്ഷത്തിൽ ആരെങ്കിലും വിശ്വാസിയാണോ അല്ലെയോ ആരാധനാലയങ്ങളിൽ പോകുന്നുണ്ടോ ഇല്ലയോ എന്നതല്ല വിഷയം. അശേഷം കളങ്കമില്ലാത്ത ആദരവ് എല്ലാ വിശ്വാസങ്ങളോടും ഉണ്ടെന്ന് പറയാനുള്ള ആർജവം ഇടതുപക്ഷത്തിനുണ്ട്. വിശ്വാസികളെ ശത്രുക്കൾ ആയിട്ടല്ല, മിത്രങ്ങളായാണ് കാണുന്നത്. ആ മിത്രങ്ങളെ ചേർത്തുപിടിച്ചേ മുന്നോട്ടുപോകാൻ കഴിയു.
വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ അവരെ അകറ്റിവിടില്ല. വിശ്വാസവും വിശ്വാസികളും യാഥാർഥ്യമാണെന്ന ബോധ്യം എൽ.ഡി.എഫിന് ഉള്ളതിനാലാണ് ശബരിമല അന്വേഷണത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് ഇടപെടലോ തടസമോ ഉണ്ടാകാത്തത്. ആരായാലും പങ്കുണ്ടെന്ന് തെളിഞ്ഞാൽ സംരക്ഷിക്കില്ല എന്നത് തന്നെയാണ് നയമെന്നും അദ്ദേഹം പറഞ്ഞു.
പി.എം.ശ്രീക്ക് ശേഷം ലേബർകോഡ് വിഷയത്തിലും ഉദ്യോഗസ്ഥർ എൽ.ഡി.എഫ് രാഷ്ട്രീയം അറിയാതെ പ്രവർത്തിക്കുകയാണ്. അധ്വാനിക്കുന്ന വർഗത്തിന്റെ രാഷ്ട്രീയത്തിന് ഒപ്പമാണ് എൽ.ഡി.എഫ്. ആ രാഷ്ട്രീയത്തിന്റെ അർഥമറിയാത്ത ഉദ്യോഗസ്ഥർ സംസ്ഥാനത്ത് ഓരോ വകുപ്പിലും ഉണ്ട്. അത്തരക്കാരാണ് ലേബർകോഡ് കരടുചട്ടങ്ങൾ തയാറാക്കി എന്നത് പോലുള്ള തമാശകൾ കാണിക്കുന്നത്. ചട്ടം ഉണ്ടായിക്കഴിഞ്ഞുവെന്ന് അവർ പറയുന്നു, അത് തെറ്റാണ്.
മന്ത്രി അടുത്ത ദിവസം വിഷയത്തിൽ യോഗം വിളിക്കും. ഇത്തരം ഉദ്യോഗസ്ഥരെ നിലക്കുനിർത്താൻ കെൽപ്പുള്ള മന്ത്രിയാണ് മുന്നണിക്ക് ഉള്ളത്. ഒരുപാട് വർഷത്തെ അനുഭവസമ്പത്തുള്ള എൽ.ഡി.എഫ് നേതാവായ മന്ത്രിക്ക് വരക്കപ്പുറം ചാടാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ വരക്കുള്ളിൽ നിർത്താമെന്ന് അറിയാം.
വികസനത്തിൽ എൽ.ഡി.എഫിന്റെ അടുത്തെത്താൻ മറ്റാർക്കും കഴിയില്ല. ഇടതുപക്ഷം നയിച്ച ഓരോ സർക്കാറും സംസ്ഥാനത്ത് ഉണ്ടാക്കിയ വികസനങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സർക്കാറും. ആ യാത്ര തുടർന്നുപോകാൻ, മുന്നേറ്റം ഉറപ്പാക്കാൻ നിർബന്ധമായും വീണ്ടും എൽ.ഡി.എഫ് സർക്കാർ വേണം. മൂന്നാം തവണ ഭരണം എന്നത് ഇടതുപക്ഷത്തിന്റെ മാത്രം രാഷ്ട്രീയ ആവശ്യമല്ല. അത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ്.
എൽ.ഡി.എഫ് ഈ കഴിഞ്ഞ കാലയളവുകളിൽ തങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കിയ തെളിച്ചമാർന്ന മാറ്റം തീർച്ചയായും ജനം കണക്കിലെടുക്കും. അഞ്ച് വർഷം മുമ്പ് വന്ന സമ്പൂർണ വിജയമാണ് ഇതിനൊപ്പം ഓർമിക്കേണ്ടത്. ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ അതിനേക്കാൾ ശക്തമായ വിജയം ആയിരിക്കും ഇടതുപക്ഷം നേടുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.