സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ച കാർ സ്വകാര്യ ബസിൽ ഇടിച്ചു നിന്നു
അഞ്ചൽ: നിയന്ത്രണംവിട്ട കാർ എതിരേ വന്ന സ്വകാര്യ ബസിൽ ഇടിച്ചു നിന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെ അഞ്ചൽ ആയൂർ പാതയിൽ വട്ടമൺ പാലത്തിന് സമീപമാണ് സംഭവം.
അഞ്ചൽ ഭാഗത്ത് നിന്നും ആയൂർ ഭാഗത്തേക്ക് വരികയായിരുന്ന കാർ ആദ്യം ആലഞ്ചേരി സ്വദേശി ജയചന്ദ്രൻ്റെ സ്കൂട്ടറിൽ ഇടിച്ചു. ഈ സമയം ജയചന്ദ്രൻ പെട്ടെന്ന് സ്കൂട്ടറിൽ നിന്ന് ചാടിമാറിയതിനാൽ പരിക്കേറ്റില്ല. എന്നാൽ സ്കൂട്ടർ ഭാഗികമായി തകർന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന ഒരുബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം മുന്നോട്ട് പോയ കാർ എതിരേ വന്ന സ്വകാര്യ ബസ്സിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
പാലത്തിന് സമീപം ട്രാഫിക് സിഗ്നൽ ഉള്ളതിനാലും പാലത്തിൻ്റെ നിർമാണം പൂർത്തിയാകാത്തതിനാലും ഇതുവഴി വാഹനങ്ങൾ വേഗത കുറച്ചാണ് പോയിക്കൊണ്ടിരുന്നത്. അതിനാൽ ആളപായമോ വലിയ അപകടാവസ്ഥയോ ഉണ്ടായില്ല. ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്ന രണ്ട് പേരെ തടഞ്ഞു നിർത്തിയെങ്കിലും ഒരാൾ ഓടി രക്ഷപെട്ടു.
വിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസ് കാർ ഓടിച്ച കോട്ടുക്കൽ സ്വദേശിയായ ശ്രീകുമാറിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ അമിതമായ മദ്യലഹരിയിലാണ് കാർ ഓടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.