കൊല്ലം: കോർപറേഷൻപരിധിയിൽ കരാർ കാലാവധി കഴിഞ്ഞും അനധികൃതമായും സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകൾ നീക്കാൻ മേയർ പ്രസന്ന ഏണസ്റ്റിന്റെ നിർദേശം. കരാർ വിവരങ്ങൾ പരിശോധിച്ച് കരാർ കാലാവധി കഴിഞ്ഞ ബോർഡുകൾ ഏതൊക്കെയാണെന്ന് കണ്ടെത്തി ഉടൻ നീക്കാൻ നടപടിയെടുക്കണമെന്ന് കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നഗരം നിറയെ അനധികൃത ബോർഡുകൾ നിറയുന്നത് സംബന്ധിച്ച് കൗൺസിലിൽ ചർച്ച നടത്തി. അനധികൃത ബോർഡുകൾ കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് കോർപറേഷന് ഉണ്ടാകുന്നത്. ഡിവൈഡറുകളിൽ ബോർഡുകൾ വെക്കാൻ അനുവദിക്കില്ല. രാഷ്ട്രീയ പാർട്ടികളുടേതാണെങ്കിലും എടുത്തുമാറ്റണം. ചിന്നക്കടയിൽ സൗന്ദര്യവത്കരണം നടത്തിയ ഓവർബ്രിഡ്ജിൽ പതിച്ച സിനിമാപോസ്റ്ററിൽ തിയറ്ററിനെതിരെ നടപടി സ്വീകരിക്കാനും മേയർ ആവശ്യപ്പെട്ടു.
നഗരത്തിൽ വിവിധയിടങ്ങളിൽ സൗന്ദര്യവത്കരണം നടത്തുകയും തെരുവുവിളക്കുകൾ പരിപാലിക്കുകയും പരസ്യങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നതിന് സ്വകാര്യ കമ്പനി സമർപ്പിച്ച പദ്ധതി സംബന്ധിച്ച ചർച്ചയിലാണ് നഗരത്തിലെ ബോർഡുകൾ ചർച്ചയായത്. ടെൻഡർ ക്ഷണിച്ച് പദ്ധതി നടപ്പാക്കിയാൽ മതിയെന്ന സ്ഥിരംസമിതിയുടെ നിർദേശം കൗൺസിൽ അംഗീകരിച്ചു. നഗരത്തിലെ പ്രധാന റോഡ് പോലും തുണിക്കടയുടെ പേരിലാക്കിയിരിക്കുന്ന തരത്തിൽ അനധികൃത പ്രവർത്തനം നടക്കുന്നുണ്ടെന്ന് സ്ഥിരംസമിതി അധ്യക്ഷൻ ജി. ഉദയകുമാർ പറഞ്ഞു.
പരസ്യം സ്ഥാപിച്ച് കോർപറേഷന് വരുമാനം ഉണ്ടാക്കുന്നത് സംബന്ധിച്ച തീരുമാനം മാസങ്ങൾക്ക് മുമ്പ് എടുത്തിട്ടും നടപ്പായില്ലെന്ന് ഹണി ബെഞ്ചമിൻ കുറ്റപ്പെടുത്തി. എ.കെ. സവാദ്, ഗീതാകുമാരി എന്നിവരും ഈ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചു. ആശ്രാമം മൈതാനത്ത് അനധികൃത ഹട്ടുകൾ സ്ഥാപിച്ച് കച്ചവടം നടത്തുന്നതും പ്രദേശം ലഹരി ഉപയോഗിക്കുന്നവരുടെ കേന്ദ്രമാകുന്നതും ഡെപ്യൂട്ടി മേയർ കൊല്ലം മധുവും യു. പവിത്രയും ചൂണ്ടിക്കാട്ടി.
വിവിധ സ്ഥലങ്ങളിൽ തെരുവുവിളക്കുകളിൽ വയർ മുറിക്കുന്ന സംഭവവും കൗൺസിൽ ചർച്ച ചെയ്തു. കൃത്യമായി അറിയാവുന്നവർ ആസൂത്രണത്തോടെ ചെയ്യുന്നതാണെന്ന് മേയർ പറഞ്ഞു. ഈ വിഷയത്തിൽ കെ.എസ്.ഇ.ബിയുടെ ജാഗ്രത വേണമെന്ന് മേയർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പൊലീസിനെ സമീപിക്കണമെന്ന് ജി. ഉദയകുമാർ പറഞ്ഞു. ടി.കെ. ദിവാകരൻ പാർക്ക്, നെഹ്റു പാർക്ക്, ടി.എം. വർഗീസ് പാർക്ക്, തങ്ങൾ കുഞ്ഞ് മുസ്ലിയാർ പാർക്ക് എന്നിവിടങ്ങളിൽ കഫറ്റീരിയ പ്രവർത്തിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടും ആരും വന്നിട്ടില്ല. ടി.കെ. ദിവാകരൻ പാർക്കും നെഹ്റു പാർക്കും ഞായറാഴ്ച തുറക്കുമെന്ന് മേയർ പ്രഖ്യാപിച്ചു. ടി.ജി. ഗിരീഷ്, ടി. പുഷ്പാംഗദൻ, എം. സജീവ്, നിസാമുദ്ദീൻ, നൗഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.