ചാക്യാർക്കായി ഓട്ടം, നങ്ങ്യാന്മാർക്കായി കാത്തിരിപ്പ് കൊല്ലം: ചാക്യാർകൂത്തിന്‍റെ രസം നുകരാൻ ചൊവ്വാഴ്ച രാവിലെ ഫാത്തിമ മാതയിലെ വേദിയിലെത്തിയവർക്ക് കാണാൻ കഴിഞ്ഞത് ഒരു ചാക്യാരെക്കൂടി കിട്ടുമോ എന്ന ചോദ്യവുമായി ഓടിനടക്കുന്നവരെ. ആകെ വന്നത് ഒരു ചാക്യാർ. മത്സരം നടക്കണമെങ്കിൽ രണ്ടുപേർ കൂടി വേണമെന്ന് വന്നതോടെ ആദ്യം വന്ന മത്സരാർഥിക്ക് ഒപ്പമുള്ളവർതന്നെ പാഞ്ഞുനടന്നു ആളെ കണ്ടുപിടിക്കാൻ. ഇനി ഏതേലും വേദിയിൽ ചാക്യാർ സമയമായതറിയാതെ ഇരിപ്പാണെങ്കിലോ. സമയം പറഞ്ഞിരുന്നത് ഒമ്പത്. പത്തായി, പതിനൊന്നായി. ഒടുക്കം രണ്ടുപേരെ കൊണ്ട് രജിസ്റ്റർ ചെയ്യിച്ച് ചെസ്റ്റ് നമ്പർ വാങ്ങിച്ചു. 12.30ന് മത്സരത്തിന് തുടക്കം. ആദ്യ ചാക്യാർ മനോഹരമായി കൂത്ത് നടത്തി കാണികളെ കൈയിലെടുത്തു. ബാക്കി രണ്ടുപേരും സ്വാഭാവികമായും 'ആബ്സന്റ്'. ചാക്യാർകൂത്ത് ജീവിതത്തിലെ പാഷനായി കൊണ്ടുനടക്കുന്ന മാർ ഇവാനിയോസിന്‍റെ ആർ.എസ്. ആകാശാണ് പോയന്‍റുമായി മടങ്ങിയത്. തൊട്ടുപിന്നാലെ നങ്ങാർകൂത്തിനായി അനൗൺസ് ചെയ്ത് മടുക്കുന്ന പിന്നണിക്കാർ സദസ്സിൽ ചിരി പടർത്തുന്ന കാഴ്ചയായിരുന്നു. ഞങ്ങളിപ്പോൾ കാൻസൽ ചെയ്യുമെന്ന ഭീഷണിയുമായി അനൗൺസർമാർ കാത്തിരുന്നത് രണ്ട് മണിക്കൂറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.