യുവജനോത്സവം 6

പുകവലി മിമിക്രിക്ക്​ ഹാനികരം കൊല്ലം: എങ്ങോട്ട്​ തിരിഞ്ഞാലും പുകവലി... ഈ നാടി​നിതെന്തുപറ്റി എന്ന്​ എന്തായാലും ജഡ്​ജിങ്​ കമ്മിറ്റി ചോദിച്ചില്ല. ശ്വാസകോശം സ്​പോഞ്ച്​ പോലെയാണെന്ന്​ ആവർത്തിച്ചാവർത്തിച്ച്​ കേൾക്കേണ്ടിവന്നതൊഴിച്ചാൽ മിമിക്രി മത്സരം പൊളിച്ചു എന്നാണ്​ മാർക്കിട്ടവരുടെ വിലയിരുത്തൽ. നിർലോഭം കൈയടിച്ച്​ നിറഞ്ഞിരുന്ന വേദിയും ആ മാർക്കിന്‍റെ ഒപ്പം നിന്നപ്പോൾ മൂന്നാം ദിനത്തിന്‍റെ ഹൈ​ൈലറ്റായി മിമിക്രി പ്രകടനം. പെൺകുട്ടികളിൽ 10ൽ താഴെ മാത്രം പേർ മത്സരിച്ചപ്പോൾ ആൺകുട്ടികളിൽ 27 പേരാണ്​ അനുകരണ​​പ്പോരിനായി വേദിയിൽ എത്തിയത്​. മിമിക്രിവേദികളിൽ സ്ഥിരം സ്ഥാനക്കാരായ വി.എസ്​. അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും മുതൽ ന്യൂജൻ ലോകത്തെ കാണപ്പെട്ട ഇൻസ്റ്റഗ്രാം സെലിബ്രിറ്റികൾ വരെ ശബ്​ദസാന്നിധ്യമായി അരങ്ങിൽനിറഞ്ഞു. വിജയ്​യും യഷും സൂര്യയും ദുൽക്കറും വിനയ്​ ഫോർട്ടും അജു വർഗീസും ലാലു അലക്സും സുരേഷ്​ ഗോപിയും മമ്മൂട്ടിയും സത്യനും നസീറും ഒക്കെയായി സിനിമ താരങ്ങളോടുള്ള ചായ്​വിനൊപ്പം ഡി.ജെയും വാദ്യോപകരണങ്ങളും ബീറ്റ്​ബോക്സിങ്ങും റാപ്പും ഹിപ്​ഹോപ്പുമെല്ലാം നിറഞ്ഞുനിന്നു. പ്രഫഷനൽ ടച്ച്​ ഉള്ള പ്രകടനങ്ങൾ എന്ന്​ ജഡ്​ജിങ്​ കമ്മിറ്റി വിലയിരുത്തിയ പോരാട്ടത്തിൽ തിരുവനന്തപുരം യൂനിവേഴ്​സിറ്റി കോളജിന്‍റെ മൂന്നാംവര്‍ഷ മലയാളം വിദ്യാര്‍ഥിയായ എ.ആർ. ഉണ്ണിക്കണ്ണൻ ഒന്നാമതെത്തി. കാഴ്ചപരിമിതിയുള്ള ഉണ്ണിക്കണ്ണൻ 2020ൽ സർവകലാശാല യുവജനോത്സവത്തിൽ മൂന്നാമതെത്തിയിരുന്നു. സ്‌കൂൾ കലോത്സവങ്ങളിൽ മൂന്ന് വർഷം ഒന്നാമതെത്തിയ പ്രതിഭ ചാനലുകളിലും മിമിക്രിയും സ്​പോട്ട്​ ഡബ്ബിങ്ങും ഒക്കെയായി സജീവമാണ്​. ​ആളെണ്ണത്തിൽ കുറഞ്ഞെങ്കിലും പെൺകുട്ടികളും ഒട്ടും മോശമാക്കിയില്ല. ബീറ്റ്​ ബോക്സിങ്​ പുലിയായ മാർ ഇവാനിയോസിന്‍റെ ആർദ്ര സാജൻ ഒന്നാം സ്ഥാനം പാട്ടുംപാടി സ്വന്തമാക്കി. സോഷ്യൽ മീഡിയയിലും ചാനൽ ഷോകളിലും വൈറൽ താരമാണ്​ ആർദ്ര.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.