ഓൺലൈനിൽനിന്ന് ഓഫ്ലൈനിലേക്ക് കൊല്ലം: രണ്ടുവർഷം കോവിഡ് തീർത്ത ഇടവേള കലാരംഗത്തിന് ഏൽപിച്ച ആഘാതം വലുതാണ്. കൃത്യമായ പരിശീലനങ്ങൾക്കുപോലും അവസരമില്ലാതെ പ്രതിഭകൾ വീർപ്പുമുട്ടിയ രണ്ട് കൊല്ലം. ഗുരുസാന്നിധ്യമില്ലാതെ ഓൺലൈൻ സ്ക്രീനിലെ കുഞ്ഞുലോകത്തിലൂടെ താളലയങ്ങൾ ചേർത്തുവെക്കാൻ വിദ്യാർഥികൾപെട്ട പാട് ചില്ലറയല്ല. സർവകലാശാല യുവജനോത്സവ മത്സരങ്ങളിലേക്ക് തിരിച്ചെത്തുമ്പോൾ അവരിൽ പലരുടെയും നെഞ്ചിടിപ്പേറ്റുന്നതും ഓൺലൈൻ സ്ക്രീനിലൂടെ മാത്രം പാഠങ്ങൾ പഠിച്ചെടുക്കാൻ കഴിഞ്ഞുള്ളൂ എന്ന ടെൻഷനാണ്. ഗൂഗിൾ മീറ്റ് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയായിരുന്നു കോവിഡ് കാലത്ത് കലാപഠനം. ഓഫ് ലൈൻ ക്ലാസുകൾ പുനരാരംഭിച്ചിട്ട് ചുരുക്കം നാളുകളേ ആയിട്ടുള്ളൂ. ദൂരസ്ഥലങ്ങളിലുള്ള ഗുരുക്കന്മാരുടെ കീഴിൽ കഥ അഭ്യസിക്കുന്നവരാണ് വലിയ വെല്ലുവിളി നേരിട്ടത്. ഒരു ദിവസം പോലും അധ്യാപകർക്ക് കീഴിൽ പരിശീലനം നേടാൻ കഴിയാത്ത നിരവധി മത്സരാർഥികളാണ് ഇത്തവണ വേദികളിൽ മാറ്റുരക്കാൻ എത്തിയിട്ടുള്ളത്. പാട്ടും താളവും രണ്ട് വഴിയിൽ പോകുന്നതും ഇന്‍റർനെറ്റ് കണക്ഷൻ വെല്ലുവിളിയുമൊക്കെയായി തങ്ങൾ ഏറെ വെള്ളംകുടിച്ചതായി മത്സരാർഥികൾ സാക്ഷ്യം പറയുന്നു. നർത്തകരും ഗായകരുമൊക്കെ വിഡിയോ ചിത്രീകരിച്ച് ഗുരുക്കന്മാർക്ക് അയച്ച് നൽകി വിലയിരുത്തൽ നടത്തിയാണ് തങ്ങളുടെ പരിശീലനം പൂർത്തിയാക്കിയത്. ഓൺലൈൻ പഠനം വെല്ലുവിളി ആയിരുന്നെങ്കിലും ഗുരുക്കളുടെ സാമീപ്യം കൊണ്ട് ലഭിക്കുന്ന വിശ്വാസം ഒന്നുവേറെ തന്നെ ആണെങ്കിലും അരങ്ങിലെത്തിയാൽ അതെല്ലാം പഴങ്കഥ എന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ് മത്സരാർഥികൾ. ഏതു വെല്ലുവിളിയും തന്‍റെ കഴിവിലുള്ള പൂർണ വിശ്വാസത്തിന്‍റെ ബലത്തിൽ മറികടക്കാൻ കഴിയുമെന്ന സ്വകാര്യ അഹങ്കാരത്തോടെ അവർ ഓരോരുത്തരും വേദിയിൽ വിസ്മയം നിറക്കുന്നതിന്‍റെ തിരക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.