ഷിബു ബേബിജോണിന്‍റെ കുടുംബ വീട്ടിലെ കവർച്ച: 'ഗേറ്റ്​ ചാടിക്കടന്ന്​' വീണ്ടും രാസാത്തി രമേഷ്​

* തെളിവെടുപ്പ്​ നടത്തി കൊല്ലം: ഗേറ്റ്​ ചാടിക്കടന്നതും കതകിന്‍റെ പൂട്ട്​​ പൊളിച്ചതും കൈയടയാളം പതിയാതിരിക്കാൻ തോർത്ത്​ കെട്ടിയതും അലമാര പൊളിച്ചതും ഉൾപ്പെടെ മോഷണത്തിന്‍റെ രംഗങ്ങൾ മുഴുവൻ 'അവതരിപ്പിച്ച്​' രാസാത്തി രമേഷ്​ വീണ്ടും വയലിൽ വീട്ടിലെത്തി. മുൻ മന്ത്രി ബേബിജോണിന്‍റെ കടപ്പാക്കടയിലെ വയലിൽ വീട്ടിൽ ശനിയാഴ്ച രാത്രി 50 പവനിലധികം മോഷ്ടിച്ച സംഭവത്തിലെ രംഗങ്ങൾ ചൊവ്വാഴ്ച വൈകീട്ട്​ പൊലീസ്​ നടത്തിയ തെളിവെടുപ്പിലാണ്​ പ്രതിയായ രാസാത്തി രമേഷ്​ എന്ന രമേഷ്​ വീണ്ടും ​ചെയ്തുകാണിച്ചത്​. നാഗർകോവിലിൽനിന്ന്​ അറസ്റ്റ്​ ചെയ്ത കന്യാകുമാരി സ്വദേശിയായ ​പ്രതിയെ എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ്​ ചൊവ്വാഴ്ച മൂന്നോടെ തെളിവെടുപ്പിനായി എത്തിച്ചത്​. അര മണിക്കൂറോളം നീണ്ട തെളിവെടുപ്പിൽ മോഷണത്തിന്‍റെ ആദ്യവസാനം താൻ ചെയ്ത കാര്യങ്ങൾ ​പ്രതി വിവരിച്ചു. ഒന്നര വർഷത്തിന് ശിക്ഷക്ക്​ ശേഷം ഏപ്രിൽ 30ന് പാലക്കാട് മലമ്പുഴ ജില്ല ജയിലിൽനിന്ന് മോചിതനായി ആറിന് കൊല്ലത്ത് എത്തിയ രമേഷ്​ നഗരത്തിലെ ആൾ താമസമില്ലാത്ത വീടുകൾ നോട്ടമിട്ട്​ നടന്നാണ്​ ബേബി ജോണിന്‍റെ വീട്​ കണ്ടെത്തിയത്​. മുമ്പ്​ കൊല്ലം നഗരത്തിൽ വന്നിട്ടുള്ള ഇയാൾക്ക്​ ഇവിടം പരിചിതമായിരുന്നു. മോഷണം നടന്ന ദിവസം രാത്രി 10 വരെ കടപ്പാക്കടയിൽ നടന്ന കബഡി ചാമ്പ്യഷിപ് കാണുകയായിരുന്നു. തുടർന്ന്​ ഈ വീടിന്‍റെ ഗേറ്റ്​ ചാടി അകത്തുകടന്നു. 12.30 വരെ മുൻ വശത്തെ വരാന്തയിൽ കിടന്നുറങ്ങി. തുടർന്ന്​ പുരയിടത്തിൽനിന്ന് ലഭിച്ച ഇരുമ്പ് സ്ക്വയർ ട്യൂബ് ഉപയോഗിച്ചു കതക് കുത്തിത്തുറന്നു. ഇവിടെനിന്ന്​ കിട്ടിയ കല്ലുകളാണ്​ മുറികളുടെ പൂട്ട് തകർക്കാനും ഉപയോഗിച്ചത്​. കല്ല് താഴെ വീഴുന്ന ശബ്ദം കേൾക്കാതിരിക്കാൻ വീട്ടിൽനിന്ന് ലഭിച്ച തലയണകൾ കതകിന് താഴെ വെച്ചിരുന്നു. എല്ലാ മുറികളിലും കയറിയിറങ്ങിയ പ്രതിക്ക്​ മുകളിലെ മുറിയിലെ ചുവരലമാരയിൽനിന്നാണ്​ സ്വർണം കിട്ടിയത്​. വിരലടയാളം പതിയാതിരിക്കാൻ കൈയിൽ തോർത്ത്​ കെട്ടിയായിരുന്നു മോഷണം. സ്വർണം കിട്ടിയിട്ടും പുലർച്ച അഞ്ചരവരെ വീടിനുള്ളിൽതന്നെ കിടന്നു. തുടർന്ന്​ ആറോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തി നാഗർകോവിലിലേക്ക് ഉള്ള ട്രെയിനിൽ രക്ഷപ്പെടുകയായിരുന്നു. 15 പവൻ ആഭരണം നാഗർകോവിലിൽ ഉരുക്കി വിറ്റിരുന്നു. ബാക്കി 38 പവൻ വിൽക്കാൻ ശ്രമിക്കവേയാണ്​ നാഗർകോവിൽ പൊലീസിന്‍റെ പിടിയിലായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.