യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘം പിടിയില്‍

കൊല്ലം: ബൈക്കില്‍ സഞ്ചരിച്ച യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘം പിടിയില്‍. ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ മണ്ണാശ്ശേരി പടിഞ്ഞാറ്റതില്‍ യദുകൃഷ്ണന്‍ (23), സഹോദരന്‍ ഹരികൃഷ്ണന്‍ (26), ശക്തികുളങ്ങര മീനത്ത് ചേരിയില്‍ കാവനാട് പറയോട്ടില്‍ പടിഞ്ഞാറ്റതില്‍ രാജീവ് (27), മീനത്ത് ചേരിയില്‍ മണ്ണത്താഴത്ത് വീട്ടില്‍ രാജീവ് (28) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. ശക്തികുളങ്ങര കാട്ടയ്യത്ത് മുക്കിലൂടെ ബൈക്കില്‍ യാത്ര ചെയ്ത് വന്ന പ്രജിത്തിനെയും സുഹൃത്ത് സോമുവിനെയുമാണ് നാലംഗസംഘം ആക്രമിച്ചത്. ബൈക്ക് തടഞ്ഞ് നിര്‍ത്തി സോമുവിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച പ്രിജിത്തിനെ കോണ്‍ക്രീറ്റ് കഷണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ശക്തികുളങ്ങര ക്ഷേത്രാത്സവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികളെ ശക്തികുളങ്ങര ഹാര്‍ബറിന്റെ പരിസരത്തുനിന്ന്​ പിടികൂടുകയായിരുന്നു. ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ആശ, പ്രകാശ്, എ.എസ്.ഐമാരായ അനില്‍കുമാര്‍, ക്രിസ്റ്റി, സി.പി.ഒ നൗഫല്‍, ഹോംഗാര്‍ഡ് ഗുഹാനന്ദന്‍ എന്നിവരടങ്ങിയ സംഘമാണ് നാലംഗസംഘത്തെ പിടികൂടിയത്. ഇവരെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.