സ്‌കൂള്‍ ഗ്രൗണ്ടില്‍ കക്കൂസ് മാലിന്യം തള്ളി

കൊട്ടാരക്കര: . തൃക്കണ്ണമംഗല്‍ എസ്.കെ.വി സ്‌കൂള്‍ ഗ്രൗണ്ടിലാണ് കക്കൂസ്​ മാലിന്യം തള്ളിയത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ സ്റ്റുഡന്‍റ്​സ് പൊലീസ് വിദ്യാര്‍ഥികളും കായിക പരിശീലകരും ഗ്രൗണ്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഇതുമൂലം കുട്ടികളുടെ പരിശീലനവും മുടങ്ങി. മാലിന്യം തള്ളാനുപയോഗിച്ച വാഹനം ഉപയോഗിച്ച് സ്‌കൂള്‍ കെട്ടിടത്തിന് കേടുവരുത്തുകയും ചെയ്തു. സ്‌കൂള്‍ ഗ്രൗണ്ടിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരവെയാണ് കക്കൂസ് മാലിന്യം തള്ളിയത്. തുടര്‍ന്ന് സ്‌കൂളധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ്‌ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രതികളെ കണ്ടെത്താനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ജനപ്രതിനിധികളും ഇടപെട്ട് മാലിന്യം മറവ് ചെയ്യുന്നതിനായുള്ള നടപടി സ്വീകരിച്ചു. കൊട്ടാരക്കര നഗരസഭ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായിട്ടും മാലിന്യം തള്ളുന്നവരെ കണ്ടെത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.