വർഗീയതക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം തുടരും -മുഖ്യമന്ത്രി

ചിത്രം കൊട്ടാരക്കര: വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കേരളത്തി‍ൻെറ സമീപനം​ സർക്കാറും ​എൽ.ഡി.എഫും തുടരുമെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയൻ. പലതരത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാൻ വർഗീയകക്ഷികൾ ആലോചിക്കുന്നുണ്ട്​. എന്നാൽ, അവരുടെ ആഗ്രഹം നടക്കില്ല. അത്തരക്കാരുടെ ചിന്തക്കെതിരെ മതനിരപേക്ഷ സമൂഹം തികഞ്ഞ ജാഗ്രത കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ. ബാലകൃഷ്‌ണപിള്ളയുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തി‍ൻെറ ഭാഗമായി കേരള കോൺഗ്രസ്‌ -ബി കൊട്ടാരക്കര മാർത്തോമ ജൂബിലി മന്ദിരത്തിൽ സംഘടിപ്പിച്ച അനുസ്‌മരണസമ്മേളനം ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ആർ. ബാലകൃഷ്ണപിള്ളയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാലകൃഷ്ണപിള്ളയോട് വ്യക്തിപരമായി ബന്ധമുണ്ടെങ്കിലും അദ്ദേഹത്തി‍ൻെറ വകുപ്പിനെ കടന്നാക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ടെന്ന് സി.പി.ഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്മരിച്ചു. ആ സമയങ്ങളിൽ അദ്ദേഹം സമാധാനത്തോടെ, ഒറ്റവാക്കിൽ മറുപടി പറയുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ കെ.ബി. ഗണേഷ്​കുമാര്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ 50ഓളം പാർട്ടി പ്രവർത്തകർ രക്തദാനം നൽകി. ​താലൂക്കാശുപത്രിയിൽ അന്നദാനവും നടന്നു. കെ.ബി. ഗണേഷ്​കുമാര്‍ എം.എൽ.എ ഉൾപ്പെടെ 50ഓളം പാർട്ടി പ്രവർത്തകർ അവയവദാന സർട്ടിഫിക്കറ്റ് നൽകി. ഡെപ്യൂട്ടി സ്​പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി കെ.എൻ. ബാലഗോപാൽ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, എം. നൗഷാദ് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി എസ്​. സുദേവൻ, പി. ഐഷാപോറ്റി, മലങ്കര ഓർത്തഡോക്സ്​ സഭ മാനേജിങ് കമ്മിറ്റി മെംബർ ഫാദർ സാജൻ തോമസ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.