മലമേലിൽ സ്വകാര്യ ഭൂമിയിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തി

അഞ്ചൽ: മലമേലിൽ സ്വകാര്യ ഭൂമിയിൽ വളർന്നുവന്ന ചന്ദനമരം രാത്രിയിൽ മുറിച്ചുകടത്തി. 30 വർഷത്തോളം വളർച്ചയെത്തിയ കാതലുള്ള ചന്ദനമാണ് മുറിച്ചുകടത്തിയത്. ശിഖരങ്ങൾ വെട്ടിമാറ്റിയിട്ട നിലയിലാണ്. മുറിച്ചുമാറ്റിയ തടിയുടെ കുറ്റിക്ക് 30 ഇഞ്ച് വ്യാസമുണ്ട്. ഈ വസ്തുവിലുണ്ടായിരുന്ന റബർ മരങ്ങൾ ഒരു വർഷം മുമ്പ് മുറിച്ചുമാറ്റിയതിനാൽ ചന്ദനമരം ഒറ്റപ്പെട്ട് വളരുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വസ്തു ഉടമയെത്തിയപ്പോഴാണ് മരംമുറിച്ചുകടത്തിയതായി കണ്ടത്. ഉടൻ തന്നെ അഞ്ചൽ പൊലീസ്, ഫോറസ്റ്റ് റേഞ്ച് ഓഫിസ്, അറയ്ക്കൽ വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ വസ്തു ഉടമ രേഖാമൂലം പരാതി നൽകി. ഇതിനെത്തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധ നടത്തി. തൊട്ടടുത്ത സ്വകാര്യ പുരയിടത്തിലും റവന്യൂ, ദേവസ്വം ബോർഡ് ഭൂമിയിലും നിരവധിയായ ചന്ദനമരങ്ങൾ വളരുന്നുണ്ട്. ഒരു വിധം വളർച്ചയെത്തുന്നവയെല്ലാം കൊള്ളക്കാർ മുറിച്ചുകടത്തുകയാണ് പതിവ്. ഏതാനും മാസം മുമ്പും മലമേൽക്ഷേത്ര പരിസരത്തുനിന്ന്​ ചന്ദനമരം മുറിച്ചുകടത്തിയിരുന്നു. ഇവിടത്തെ ചന്ദനമരങ്ങളെ സംരക്ഷിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വനേതരഭൂമിയിൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങൾ കാണപ്പെടുന്ന സ്ഥലമാണ് മലമേൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.