സർക്കാർ ജീവനക്കാർക്ക് തലസ്ഥാനത്തേക്ക് യാത്ര; വെസ്റ്റിബ്യൂൾ സർവിസിന്​ തുടക്കം

ജീവനക്കാർക്കായി കെ.എസ്​.ആർ.ടി.സി വെസ്റ്റിബ്യൂൾ സർവിസിന്​ തുടക്കം ചിത്രം കൊല്ലം: തിരുവനന്തപുരം നഗരത്തിലെ വിവിധ സർക്കാർ, അർധസർക്കാർ ഓഫിസുകളിലെ ജീവനക്കാർക്ക്​ കൊല്ലത്തുനിന്ന്​ രാവിലെയും വൈകീട്ടും യാത്രാസൗകര്യമൊരുക്കുന്ന വെസ്റ്റിബ്യൂൾ സർവിസിന്​ തുടക്കം. തിങ്കളാഴ്ച രാവിലെ 7.30ന്​ സെക്രട്ടേറിയറ്റ്​, ജനറൽ ആശുപത്രി, കേരള സർവകലാശാല, യൂനിവേഴ്​സിറ്റി കോളജ്​, ഏജീസ്​ ഓഫിസ്​, പബ്ലിക്​ ഓഫിസ്​, പൊലീസ്​ ഹെഡ്​ ക്വാർട്ടേഴ്​സ്​ എന്നിങ്ങനെ തലസ്ഥാന നഗരിയിലെ നിരവധി ഓഫിസുകളിലെ കൊല്ലം സ്വദേശികളായ ജീവനക്കാർക്ക്​ ഗുണം ചെയ്യുന്നതരത്തിലാണ്​ സർവിസ്​ ക്രമീകരിച്ചിരിക്കുന്നത്​. ലിമിറ്റഡ്​ സ്​റ്റോപ്​ ഓർഡിനറി സർവിസായി​ ഓടുന്ന ബസിന്​ രാവിലെ 9.30-9.45ഓടെ തിരുവനന്തപുര​ത്തെത്തും​. വൈകീട്ട്​ അഞ്ചിന്​ തിരുവനന്തപുരത്തുനിന്ന്​ തിരികെ പുറപ്പെടുന്ന സർവിസും ജീവനക്കാരെ കൃത്യസമയത്ത്​ തിരിച്ചെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്​. കൊല്ലം ഡിപ്പോയിൽനിന്ന്​ പ്രത്യേക സർവിസിന്​ തുടക്കമായപ്പോൾ മികച്ച പ്രതികരണമാണ്​ യാത്രക്കാരിൽനിന്ന്​ ലഭിച്ചത്​. ഇതോടെ കൊല്ലത്ത്​ രണ്ട്​ റൂട്ടുകളിലാണ്​ വെസ്റ്റിബ്യൂൾ സർവിസുള്ളത്​. രണ്ട്​ ബസുകൾ ചേർത്തുവെച്ച മാതൃകയിലുള്ള ഈ ബസിന്‍റെ​ സർവിസ്​ ചവറ-ചിന്നക്കട-കുണ്ടറ റൂട്ടിൽ ഏതാനും ആഴ്ചകൾക്ക്​ മുമ്പാണ്​ ആരംഭിച്ചത്​. 60 സീറ്റുകളുള്ള ബസിന്​ 17 മീറ്റർ നീളമാണുള്ളത്​. ​കൊല്ലം-തിരുവനന്തപുരം ട്രെയിൻ സർവിസുകൾ നിരന്തരം വൈകിയോടുന്ന സാഹചര്യത്തിൽ ഓഫിസ്​ ജോലിക്കാർക്ക്​ വെസ്റ്റിബ്യൂൾ സർവിസ്​ ഏറെ ആശ്വാസകരമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.