വെഞ്ച്വർ എസ്റ്റേറ്റ്​ ​ സമരം ശക്തമാക്കുമെന്ന്​ തൊഴിലാളി യൂനിയൻ നേതാക്കൾ

പുനലൂർ: ഹാരിസൺ മലയാളം പ്ലാന്‍റേഷൻ വെഞ്ച്വർ എസ്റ്റേറ്റിലെ ഒരു മാസം പിന്നിട്ട തൊഴിലാളി സമരം ശക്തമാക്കുമെന്ന് യൂനിയൻ നേതാക്കൾ അറിയിച്ചു. എസ്റ്റേറ്റിലെ തൊഴിലാളികളുടെ നിയമനം സംബന്ധിച്ച് മാനേജ്​മൻെറിനെ നിലപാടിനെതിരെ നാഷനൽ പ്ലാന്‍റേഷൻ വർക്കേഴ്സ് യൂനിയന്‍റെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. 18 വർഷമായി ജോലി ചെയ്തിരുന്നവരെ മാറ്റിനിർത്തി സീനിയോറിറ്റി കുറഞ്ഞ 12 തൊഴിലാളികളെ തിരുകിക്കയറ്റാൻ മറ്റ് യൂനിയനുകളുടെ പിന്തുണയോടെ മാനേജ്​മെന്‍റ് ശ്രമിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു. സീനിയോറിറ്റിയും അർഹതയമുള്ള മുഴുവൻ തൊഴിലാളികളെയും നിയമിക്കണമെന്നാണ് യൂനിയന്‍റെ ആവശ്യം. പുറത്ത് നിൽക്കുന്നവർക്ക് കൊടുക്കാൻ തൊഴിലില്ലെന്ന് പറ‍യുന്ന മാനേജ്​​മെന്‍റ് ഇപ്പോൾ 29 പേരെക്കൂടി ഉൾപ്പെടുത്തി താൽക്കാലിക പട്ടികയും തയാറാക്കി. അർഹതയുള്ള തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അർഹതയുള്ള മുഴുവൻ പേരെയും താൽക്കാലിക പട്ടികയിൽ ഉൾപ്പെടുത്തുക, നിലവിലെ അറ്റൻറർ, പ്ലംബർ, സ്വീപ്പർ തുടങ്ങിയ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തൊഴിൽ സംബന്ധമായ ജോലികൾ നടത്തുന്നത്. ഇത് സംബന്ധിച്ച് ജില്ല കലക്ടർക്കും മറ്റും പരാതി നൽകി. സമരത്തിലുള്ള തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് യൂനിയൻ ജില്ല ജനറൽ സെക്രട്ടറിമാരായ നെട്ടയം സുജി, വലിയവിള വേണു, പുനലൂർ മേഖല ജനറൽ സെക്രട്ടറി എ. അജിത തൊഴിലാളി പ്രതിനിധികളായ മുരുകേശൻ, ജയശ്രീ, സുജാത എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.