കൊല്ലം: കോവിഡിന്‍റെ ഭീതിയിൽ നിന്നകന്ന് സമൃദ്ധിയുടെ പുത്തൻ പ്രതീക്ഷകളുമായി വിഷു. ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെ ഓർമ പുതുക്കിയുള്ള ദുഃഖവെള്ളി ആചരണവും വിഷുവും ഒന്നിച്ചു വരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. നാടും നഗരവും വിഷുവിനെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. അപ്രതീക്ഷിതമായെത്തിയ കനത്ത വേനൽ മഴയിൽ കൊന്നപ്പൂവിനും വിളകൾക്കും നാശം സംഭവിച്ചെങ്കിലും ആഘോഷത്തിനായുള്ള ഒരുക്കത്തിലാണ് എല്ലാവരും. കണികാണൽ, കൈനീട്ടം, വിഷുസദ്യ ഉൾപ്പെടെ ആഘോഷം കെങ്കേമമാക്കാനുള്ള തിരക്കിലാണ് മിക്ക കുടുംബവും. നഗരത്തിന്‍റെ വിവിധഭാഗങ്ങളില്‍ വിഷുവിപണിയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഗ്രാമങ്ങളില്‍നിന്നും മറ്റുമെത്തിയ കണിക്കൊന്ന കച്ചവടക്കാരും കണിയൊരുക്കത്തിനുള്ള വിഭവങ്ങള്‍ വിറ്റഴിച്ച വഴിയോരക്കച്ചവടക്കാരും സജീവമായി. കണിക്കൊന്നയും വെള്ളരിയുമൊക്കെ ചേര്‍ന്ന ഇന്‍സ്റ്റന്‍റ് കണി സൂപ്പര്‍മാര്‍ക്കറ്റുകളിൽ ലഭ്യമായി. നിരത്തുകളിൽ ചെറിയ കെട്ടുകളായി കണിക്കൊന്ന വിൽപനയും നടന്നു. 20 മുതല്‍ 50 രൂപവരെയായിരുന്നു വില. പ്രധാന ആകർഷണമായ കണിവെള്ളരിയും വിപണിയിൽ ധാരാളമായെത്തി. പച്ചക്കറി വിപണിയിലെ വില വർധന വലക്കുന്നുണ്ട്. ചെറുനാരങ്ങക്ക് റെക്കോഡ് വിലയാണ്. കിലോഗ്രാമിന് 180 ന് മുകളിലാണ് ചില്ലറ വിപണിയിലെ വില. താൽക്കാലിക ലൈസൻസികൾ കുറവായതും മഴയും വിഷു പടക്കവിപണിയെ പിന്നോട്ടടിച്ചു. മൊത്ത വ്യാപാരികളിൽനിന്ന് പടക്കം വാങ്ങി പ്രധാന ജങ്ഷനുകൾ കേന്ദ്രീകരിച്ച് വിൽപനയുണ്ട്. കമ്പിത്തിരി, മത്താപ്പൂ, പടക്കം തുടങ്ങിയവക്ക് ദീപാവലി വിപണിയെക്കാൾ 20 ശതമാനം വില കൂടിയെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തെ ആഘോഷം ലോക്ഡൗണിലായിരുന്നതിനാൽ ഇത്തവണ ക്ഷേത്രങ്ങളിലടക്കം കണിയൊരുക്കി വിഷു ആഘോഷത്തിനു ഒരുങ്ങിയിട്ടുണ്ട്. ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും അനുസ്മരണമായാണ് ക്രൈസ്തവർ ദുഖഃവെള്ളി ആചരിക്കുന്നത്. ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഃഖവെള്ളി ആചരണം ക്രമീകരിച്ചിരിക്കുന്നത്. പീലാത്തോസിന്‍റെ അരമനയിലെ വിചാരണമുതൽ യേശുവിന്‍റെ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദുഃഖവെള്ളി ആചരണത്തിൽ അനുസ്മരിക്കുന്നത്. ഗാഗുല്‍ത്താ മലയില്‍ കുരിശില്‍ തറക്കപ്പെട്ട യേശുക്രിസ്തു മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റുവെന്നാണ് വിശ്വാസം. ദേവാലയങ്ങളില്‍ ദുഃഖവെള്ളിയോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കും. പീഡാനുഭവത്തിലെ 14 സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിന്‍റെ വഴിയാണ് ഇന്നത്തെ പ്രധാന ചടങ്ങ്. കൊല്ലം തുയ്യം സെന്‍റ് സെബാസ്റ്റ്യൻസ് ചർച്ചിൽ വൈകുന്നേരം 3.30 ന് കുരശിന്‍റെ വഴി, നഗരി കാണിക്കൽ, രാത്രി പത്തിന് കബറടക്ക ശുശ്രൂഷ. ചിന്നക്കട സെന്‍റ് ഫ്രാൻസിസ് സേവ്യർ ചർച്ചിൽ രാവിലെ ആറിന് ദിവ്യകാരുണ്യ ആരാധന, വൈകുന്നരം മൂന്നിന് കുരിശിന്‍റെ വഴി, രാത്രി 10 ന് കബറടക്കം. ശക്തികുളങ്ങര സെന്‍റ് ജോൺ ഡി ബ്രിട്ടോ ദേവാലയത്തിൽ രാവിലെ അഞ്ചിനും ഉച്ചക്ക് രണ്ടിനും പൊതുആരാധന, വൈകുന്നേരം മൂന്നിന് പീഡാനുഭവ ശുശ്രൂഷ, കുരിശ് ആരാധന, ദിവ്യകാരുണ്യ സ്വീകരണം, കുരിശിന്‍റെ വഴി, നഗരികാണിക്കൽ പ്രദക്ഷിണം. തോപ്പ് സെന്‍റ് സ്റ്റീഫൻസ് ദേവാലയത്തിൽ രാവിലെ ആറുമുതൽ വൈകുന്നേരം മൂന്ന് വരെ ആരാധന, വൈകുന്നേരം മൂന്ന് മുതൽ ദൈവവചന പ്രഘോഷണം, കുരിശ ആരാധന, ദിവ്യകാരുണ്യ സ്വീകരണം, നഗരി കാണിക്കൽ, കുരിശിന്‍റെ വഴി തുടങ്ങിയവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.