കൊല്ലം: ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്കറുടെ 131ാം ജന്മവാർഷികം നാടെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പൊതുയോഗങ്ങളും മറ്റു പരിപാടികളും സംഘടിപ്പിച്ചു. അംബേദ്കർ ചാരിറ്റബിൾ സൊസൈറ്റിക്കായി ലിങ്ക് റോഡിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ അംബേദ്കർ പ്രതിമയുടെ നിർമാണോദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന ഏണസ്റ്റ്, എം. നൗഷാദ് എം.എൽ.എ, മുൻ മേയർമാരായ വി. രാജേന്ദ്രബാബു, ഹണി ബെഞ്ചമിൻ, ഉളിയക്കോവിൽ ശശി, സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, മുളങ്കാടകം രഘുനാഥൻ, അനിയൻകുഞ്ഞ്, നിർമാണ കമ്മിറ്റി ചെയർമാൻ പ്രകാശൻപിള്ള, ഭാരവാഹികളായ ജോസ്, മോഹനൻ, ഗോപിനാഥൻ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു . പുരുഷായുസ്സ് മുഴുവനും ഡോ. അംബേദ്കർ ഉറങ്ങാതെ കാത്തിരുന്നതുകൊണ്ടാണ് ദലിതർ ഇന്ന് അനുഭവിക്കുന്ന അവകാശ അധികാരങ്ങൾ കിട്ടിയതെന്ന് മുൻ ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ പറഞ്ഞു. ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡന്‍റ് പട്ടത്താനം സുരേഷ് അധ്യക്ഷതവഹിച്ചു. അഞ്ചൽ സുരേഷ്കുമാർ, ഉണ്ണി കുരീപ്പുഴ, തൃതീപ് കുമാർ, ഗോപകുമാർ, കുണ്ടറ സുബ്രഹ്മണ്യം, കൗൺസിലർ സ്വർണമ്മ, കെ.എസ്. കിഷോർ, പുഷ്പലാൽ കൊട്ടിയം, സുരേഷ് അരുമത്തറ, പത്മലോചനൻ, രജനി, കുട്ടപ്പൻ എന്നിവർ സംസാരിച്ചു. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് യുവമോർച്ച ജില്ല കമ്മിറ്റി ഉളിയക്കോവിൽ എം.ജി കോളനിയിൽ ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രത്തിൽ പുഷ്പാർച്ചനയും മുതിർന്ന അമ്മമാർക്ക് വിഷു കോടിയും കൈനീട്ടവും മധുരവിതരണവും നടത്തി. ജില്ല പ്രസിഡന്‍റ് വിഷ്ണു പട്ടത്താനം ഉദ്ഘാടനം ചെയ്തു. ഉളിയക്കോവിൽ ഡിവിഷൻ കൗൺസിലർ ടി.ആർ. അഭിലാഷ്, സംസ്ഥാനസമിതി അംഗം ജമുൻ, ജില്ല സെക്രട്ടറി ഗോപകുമാർ, വിഷ്ണു എസ്. ധരൺ, വിഷ്ണു രാമചന്ദ്രൻ, ശ്രീകാന്ത്, സനൽ എന്നിവർ നേതൃത്വം നൽകി. ബി.ആർ. അംബേദ്കറിന്‍റെ ജന്മദിനമായ പി.ഡി.പി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പതാകദിനമായി ആചരിച്ചു. ജില്ലതല ഉദ്ഘാടനം കൊല്ലൂർവിള പള്ളിമുക്കിൽ സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ നിർവഹിച്ചു. ജില്ല സെക്രട്ടറി ബ്രൈറ്റ് സെയ്ഫുദീൻ, കൊല്ലൂർവിള സുനിൽ ഷാ, ബി.എൻ. ശശികുമാർ, ഇസ്മായിൽ പള്ളിമുക്ക്, സിയാദ് കട്ടവിള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.