വിഷുവിന് 'ഒരു മുറം വിഷരഹിത പച്ചക്കറി'യുമായി വീടുകളിലേക്ക്​

കൊട്ടിയം: വിഷുവിന് 'ഒരു മുറം വിഷരഹിത പച്ചക്കറി' എന്ന ലക്ഷ്യം സാക്ഷാത്കാരത്തിലേക്ക്. കർഷക കൂട്ടായ്മയായ ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയകർഷക സമിതിയാണ് വിഷുവിന് വിഷരഹിത പച്ചക്കറി വീടുകളിലെത്തിക്കുകയെന്ന പദ്ധതി നടപ്പാക്കുന്നത്. വിവിധ കൃഷിയിടങ്ങളിൽ ജൈവകൃഷിയിലൂടെ വിളയിച്ചെടുത്ത പച്ചക്കറികളാണ് വീടുകളിലെത്തിക്കുക. വിഷു മുതൽ പത്താമുദയം വരെയുള്ള ഒമ്പതു ദിവസങ്ങളിലായി 50 കുടുംബങ്ങളിൽ പോഷക ഉദ്യാനങ്ങൾ നിർമിക്കും. ഇതിനുള്ള പരിശീലനം കാർഷിക സർവകലാശാലക്കുകീഴിലുള്ള കൃഷിവിജ്ഞാന കേന്ദ്രത്തിൽ നൽകി. മേയ് അവസാന വാരം ഇതിന്‍റെ വിളവെടുപ്പ് നടത്തും. മയ്യനാട് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി വീടുകളിൽ സമൃദ്ധി നൽകിയ പച്ചക്കറികൾ വിളവെടുപ്പിന് പാകമായി നിൽപുണ്ട്. തരിശു കിടക്കുന്ന പ്രദേശത്തെ വസ്തുക്കൾ കണ്ടെത്തി വസ്തു ഉടമകളുടെ കൂടി സഹായത്തോടെ വിവിധ കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതാണ്​ സമൃദ്ധിയുടെ പ്രവർത്തനരീതി. കൃഷിയിൽ നിന്ന്​ കിട്ടുന്ന വരുമാനം പ്രദേശത്തെ പാവപ്പെട്ടവർക്ക് ഭക്ഷ്യകിറ്റായും ചികിത്സാ സഹായമായും മറ്റും നൽകുന്നുമുണ്ട്​. കൂടാതെ, പരമ്പരാഗത കിഴങ്ങുവർഗങ്ങളും, വാഴകൃഷിയും പച്ചക്കറി കൃഷിയുമൊക്കെയായി കൂട്ടായ്മ സജീവമാണ്​. 2016 ലാണ് പ്രവർത്തനം ആരംഭിച്ചത്. കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.