മഴക്കെടുതി നേരിടാന്‍ അടിയന്തര നടപടി

പുനലൂരില്‍ 75 വീടുകള്‍ ഭാഗികമായും മൂന്ന്​ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു കൊല്ലം: മഴക്കെടുതിയുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ക്ക് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിർദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് മഴയെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകള്‍ സജ്ജമാകാനുള്ള നിർദേശം. മുഴുവന്‍ സമയം വാര്‍ റൂമും താലൂക്ക് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കി. പരവൂര്‍ പൊഴിക്കര ചീപ്പിന്‍റെ ഷട്ടറുകള്‍ അടഞ്ഞ്​ കായലില്‍ മണ്ണ് നിറഞ്ഞത് വഴി കായലില്‍ ജലനിരപ്പ് ഉയര്‍ന്ന് മയ്യനാട്, മുക്കം, താന്നി ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ അടിഞ്ഞുകിടക്കുന്ന മണല്‍ നീക്കം ചെയ്യാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന് നിർദേശം നല്‍കി. ആലപ്പാട് തീരത്തെ പാര്‍ശ്വഭിത്തി നിര്‍മാണത്തിന് പാറക്ഷാമം പരിഹരിക്കാന്‍ ഇറിഗേഷന്‍, ജിയോളജി വകുപ്പുകളോട് ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി താലൂക്കില്‍ ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു, ഇടിമിന്നലില്‍ മൂന്ന്​ വീടുകളുടെ ഉപകരണങ്ങള്‍ നശിച്ചു. പുനലൂരില്‍ 75 വീടുകള്‍ ഭാഗികമായും മൂന്നു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കുന്നത്തൂരില്‍ രണ്ട്​ വീടുകള്‍ ഭാഗികമായും പത്തനാപുരത്ത് ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കൊട്ടാരക്കരയില്‍ ഇടിമിന്നലില്‍ ഒരു മരണവും സംഭവിച്ചു. മഴക്കെടുതി നേരിടാന്‍ ആരോഗ്യവകുപ്പും സജ്ജമാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലോറിനേഷനും ഫോഗിങ്ങും പുരോഗമിക്കുന്നുണ്ട് എന്നും അറിയിച്ചു. തീരദേശമേഖലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ കോസ്റ്റല്‍ പൊലീസിന് നിര്‍ദേശം നല്‍കി. വിവിധ വകുപ്പ് മേധാവികള്‍, തഹസില്‍ദാര്‍മാര്‍, സിറ്റി-റൂറല്‍ പൊലീസ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.