കരുനാഗപ്പള്ളി താലൂക്കാശുപത്രി ഒന്നാം ഘട്ട കെട്ടിട നിര്‍മാണം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ 64.9 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന വികസന പദ്ധതിയുടെ ഭാഗമായി കെട്ടിടങ്ങളുടെ ആദ്യഘട്ടം മേയ് 15നകം പൂര്‍ത്തിയാകും. രണ്ടാം ഘട്ട നിര്‍മാണവും ഇതോടൊപ്പം ആരംഭിക്കാനും നഗരസഭയുടെ നേതൃത്വത്തില്‍ അവലോകന യോഗത്തില്‍ തീരുമാനമായി. നിലവിലുള്ള പ്രധാന കെട്ടിടത്തിന്‍റെ മുകളിലായി നിര്‍മിക്കുന്ന മൂന്നു നില കെട്ടിടം പൂര്‍ത്തിയാകുന്നതോടെ സൂനാമി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും വാര്‍ഡ്, ഓഫിസ് കെട്ടിടം, ഡിജിറ്റല്‍ എക്‌സ്റേ യൂനിറ്റ് എന്നിവയുള്‍പ്പടെ പുതിയ കെട്ടിടത്തിലേക്ക് മാറും. ഇപ്പോഴത്തെ സൂനാമി കെട്ടിടമുള്‍പ്പെടെ നില്‍ക്കുന്ന ഭാഗത്ത് രണ്ടാം ഘട്ട നിര്‍മാണത്തിന്‍റെ ഭാഗമായുള്ള എട്ട് നിലയുള്ള കെട്ടിടം നിര്‍മിക്കും. 2023 മാര്‍ച്ചോടെ ഇത്പൂര്‍ത്തിയാക്കാനാകുമെന്നാണ്​ പ്രതീക്ഷ. താലൂക്കാശുപത്രിയുടെ ആദ്യഘട്ട വികസനത്തിനായി 64.9 കോടിയുടെ പദ്ധതിക്ക് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്താണ് കിഫ്ബിയുടെ അംഗീകാരം ലഭിച്ചത്. കെ.എസ് .ഇ.ബി സിവില്‍ വിഭാഗത്തിനാണ് നിര്‍മാണച്ചുമതല. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നിലവിലുള്ള രണ്ടുനിലയുള്ള പ്രധാന കെട്ടിടത്തിനു മുകളില്‍ മൂന്നുനില കൂടി പൂര്‍ത്തിയാക്കി അഞ്ചുനില കെട്ടിടവും സൂനാമി ബില്‍ഡിങ് നില്‍ക്കുന്ന സ്ഥലത്തുനിന്ന് പടിഞ്ഞാറ് ഭാഗത്ത് എട്ടു നിലയിലായി നിര്‍മിക്കുന്ന കെട്ടിടവും തമ്മില്‍ മൂന്നാമത്തെ നിലയില്‍ ബന്ധിപ്പിക്കും. ബന്ധിപ്പിക്കുന്ന ഇടനാഴി കൂട്ടിരിപ്പുകാര്‍ക്കും മറ്റും വിശ്രമിക്കാനുള്ള സ്ഥലമായി ഉപ​യോഗിക്കാനും തീരുമാനമായി. പുതിയ ദേശീയപാത വികസനം വരുമ്പോള്‍ നിര്‍മിക്കുന്ന സര്‍വിസ് റോഡിലൂടെയാകും ആശുപത്രിയിലേക്കുള്ള പ്രധാന പ്രവേശന കവാടം. ഗ്രീന്‍ ബില്‍ഡിങ് സാങ്കേതികവിദ്യയാണ് നിര്‍മാണത്തിന് ഉപയോഗിക്കുക. ദുരന്തഘട്ടങ്ങളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് കെട്ടിടങ്ങളുടെ രൂപകല്‍പന. 1,15,000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് കെ.എസ്.ഇ.ബി സിവില്‍ വിഭാഗത്തിനുവേണ്ടി തിരുവനന്തപുരം എം.ജി.എം ആര്‍ക്കിടെക്ടാണ് രൂപരേഖ തയാറാക്കിയത്. അവലോകന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സുനിമോള്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എം. ശോഭന, ആശുപത്രി സൂപ്രണ്ട്​ ഡോ. തോമസ് അല്‍ഫോണ്‍സ്, കെ.എസ്.ഇ.ബി നിര്‍മാണ വിഭാഗത്തിലെ അനില്‍കുമാര്‍, റീന, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍, ഉപേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.