ചിത്രം- ഓച്ചിറ: ഉത്സവത്തിനിടെ, രണ്ടുവയസ്സുകാരനെയും പിതാവിനെയും ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. ഓച്ചിറ പായിക്കുഴി തലവനത്തറയിൽ രഞ്ചു (21) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തായ അഖിലിൽ നിന്ന് രണ്ട് വർഷം മുമ്പ് സ്വർണകമ്മൽ വാങ്ങി പണയം വെച്ചിരുന്നു. തിരികെ കൊടുക്കാതിരുന്നതിനെ തുടർന്ന് കമ്മലിന്‍റെ വില അഖിലിന്‍റെ ഭാര്യ ആവശ്യപ്പെടുകയും പരസ്പരം വാക്കേറ്റമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ മൂന്നിന് മകനൊപ്പം വലിയകുളങ്ങര ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ അഖിലിനെ രഞ്ചുവും കൂട്ടരും ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ചുടുകട്ട കൊണ്ട് കുഞ്ഞിന്‍റെ തലയ്ക്ക് ഇടിച്ചു. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് കുഞ്ഞ് ആലപ്പുഴ വണ്ടാനം ടി.ഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അതിഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അഖിലും ആശുപത്രിയിലാണ്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന സംഘത്തിലെ സഞ്ചുവിനെ ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഓച്ചിറയിലെ ഒളിവിടത്തിൽ നിന്ന് പിടികൂടുകയായിരുന്നു. ഓച്ചിറ ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ്, എ.എസ്.ഐമാരായ വേണുഗോപാൽ, സന്തോഷ്, എസ്.സി.പി.ഒ ഫ്രൈഡിനന്‍റ്, സി.പി.ഒമാരായ രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു. ചിത്രം- കൊല്ലത്ത് വീണ്ടും ലഹരി വേട്ട: എം.ഡി.എം.എയുമായി യുവാവ് ഓച്ചിറയിൽ പിടിയിൽ കൊല്ലം: ഓച്ചിറയിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം സിറ്റി ഡാൻസാഫ് ടീമും ഓച്ചിറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഓച്ചിറ വരവിള കൊല്ലന്‍റഴികത്ത് കിഴക്കതിൽ നാസർ മകൻ അൽ അമീൻ (22) എം.ഡി.എം.എയുമായി പിടിയിലായത്. നിരന്തരം ബംഗളൂരു സന്ദർശിക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം മടങ്ങി വന്ന് ഓച്ചിറയിൽ ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിക്കാണ് പൊലീസ് സംഘത്തിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് 11.92 ഗ്രാം എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടി. വിപണിയിൽ രണ്ട് ലക്ഷം രൂപക്കുമേൽ വിലവരുന്ന എം.ഡി.എം.എയാണ് പൊലീസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങി മില്ലി ഗ്രാമിന് 2500 മുതൽ 3000 രൂപ വരെ വാങ്ങി ചെറുകിട കച്ചവടക്കാർക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതി. കച്ചവടത്തിലെ അമിതലാഭമാണ് ഇയാളെ നിരന്തരം ബംഗളൂരുവിലെത്തി എം.ഡി.എം.എ കടത്തിക്കൊണ്ടു വരാൻ പ്രേരണയായത്. ധരിച്ചിരുന്ന ജീൻസിൽ പ്രത്യേക അറയുണ്ടാക്കി അതിലൊളിപ്പിച്ചാണ് എം.ഡി.എം.എ കടത്തിയത്. ഇയാളുടെ നിരന്തര ബംഗളൂരു സന്ദർശനത്തെ സംബന്ധിച്ച് കൊല്ലം ജില്ല പൊലീസ് മേധാവി നാരായണൻ ടി. ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ സിറ്റി പൊലീസ് മയക്ക്മരുന്ന് വിരുദ്ധ സ്പെഷൽ സ്ക്വാഡിന്റെ (ഡാൻസാഫ്) നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവിൽ നിന്ന് ഓച്ചിറയിലെത്തിയ ഇയാളെ ഡാൻസാഫ് ടീമും ഓച്ചിറ പൊലീസുമടങ്ങിയ സംയുക്ത സംഘമാണ് പിടികൂടിയത്. സിറ്റി പൊലീസ് ആൻഡി നർക്കോട്ടിക് എ.സി.പി സോണി ഉമ്മൻ കോശി, സ്പെഷൽ ബ്രാഞ്ച് എ.സി.പി കെ. അശോക കുമാർ, ഓച്ചിറ ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐമാരായ ആർ. ജയകുമാർ, നിയാസ്, എ.എസ്.ഐ സന്തോഷ്, സിറ്റി ഡാൻസാഫ് അംഗങ്ങളായ ബൈജു പി ജെറോ, സജു, സീനു, മനു, രിപു, രതീഷ്, ലിനു ലാലൻ എന്നിവരടങ്ങിയ സംഘമാണ് ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.