കൊല്ലം: കേന്ദ്ര സർക്കാറിന്‍റെ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍റെ ദ്വിദിന ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിനം ജില്ലയിൽ പലയിടത്തും സംഘർഷം. എം.സി റോഡിൽ കൊട്ടാരക്കര പുത്തൂർമുക്കിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരന് മർദനമേറ്റതും കടയ്ക്കൽ ചിതറയിൽ അധ്യാപകരെ സ്കൂളിലെ മുറിയിൽ പൂട്ടിയിട്ടതും ഉൾപ്പെടെ അനിഷ്ട സംഭവങ്ങൾ അരങ്ങേറി. കൊല്ലം ഹൈസ്കൂൾ ജങ്ഷനിലും കൊട്ടാരക്കരയിലും സമരാനുകൂലികൾ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. ഒന്നാം ദിനത്തിൽനിന്ന് വ്യത്യസ്തമായി നിരത്തുകളിൽ ഇറങ്ങിയ വാഹനങ്ങൾ മിക്കയിടത്തും സമരക്കാർ തടഞ്ഞു. മിക്ക സ്ഥലത്തും വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിലും അടപ്പിച്ചു. പലയിടത്തും സംഘാർഷാവസ്ഥയുണ്ടായി. കൊല്ലം വള്ളിക്കീഴ് സ്കൂളിലെത്തിയ അധ്യാപകർക്കുനേരെ അസഭ്യവർഷമുണ്ടായി. കടകൾ തുറക്കുമെന്ന് വ്യാപാരികൾ പറഞ്ഞെങ്കിലും പണിമുടക്ക് ശക്തമായതിനാൽ നടന്നില്ല. കൊല്ലം ഹൈസ്കൂൾ ജങ്ഷനിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞിടുന്നതിനിടെ ഓട്ടോയിലെത്തിയ രണ്ട് എൻ.ജി.ഒ യൂനിയൻ പ്രവർത്തകരെ സുഗമമായി കടത്തിവിട്ടത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. ജില്ലയിൽ 90 ശതമാനത്തിലധികം ജീവനക്കാരും അധ്യാപകരും രണ്ടാം ദിനവും പണിമുടക്കി. ആദ്യ ദിവസത്തെപോലെ ജില്ലയിലെ പ്രധാന സർക്കാർ ഓഫിസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. കൊല്ലം സിവിൽ സ്റ്റേഷൻ കോംപ്ലക‌്‌സിൽ പ്രവർത്തിക്കുന്ന ജില്ല മെഡിക്കൽ ഓഫിസ്, ജില്ല ലേബർ ഓഫിസ്, ജില്ല ട്രഷറി, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫിസ്, ജില്ല സപ്ലൈ ഓഫിസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസ്, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്‌ടർ ഓഫിസ്, പട്ടികജാതി വികസന ഓഫിസ്, ജില്ല മൃഗസംരക്ഷണ ഓഫിസ്, സഹകരണ വകുപ്പ് ഓഫിസുകൾ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസ്, റവന്യൂ ഡിവിഷനൽ ഓഫിസ്, ജില്ല വിദ്യാഭ്യാസ ഓഫിസ്, ആർ.ടി.ഒ. ഓഫിസ്, ദേശീയപാത വികസന ഡെപ്യൂട്ടി കലക്ടറുടെ ഓഫിസ് എന്നിവ പൂട്ടിയ നിലയായിരുന്നു. കലക്ടറേറ്റിൽ 235 ജീവനക്കാരുള്ളതിൽ അടിയന്തിരഘട്ട ദുരന്ത നിവാരണ വിഭാഗത്തിലെ മൂന്ന് ജീവനക്കാർ മാത്രമാണ് ജോലിക്ക് ഹാജരായത്. ആദ്യ ദിവസത്തെപോലെ കൊല്ലം കോർപറേഷനിലെ 377 ജീവനക്കാരിൽ ഒരാൾ മാത്രമാണ് ജോലിക്കെത്തിയത്. കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര, പരവൂർ എന്നീ നഗരസഭ കാര്യാലയങ്ങളും ജില്ല പഞ്ചായത്ത് കാര്യാലയവും 68 ഗ്രാമപഞ്ചായത്ത് ഓഫിസുകളും അടഞ്ഞുകിടന്നു. പി.എസ്.സി ജില്ല, മേഖല ഓഫിസുകളിലെ 94 ജീവനക്കാരിൽ 91 പേരും പണിമുടക്കി. രണ്ടാം ദിനം ജില്ലയിലെ 1422 സർക്കാർ ഓഫിസുകളിൽ 1145 എണ്ണവും പൂർണമായും അടഞ്ഞുകിടന്നു. 13871 സർക്കാർ ജീവനക്കാരിൽ 12404 പേരും പണിമുടക്കി. ആദ്യ ദിനത്തിലെപോലെ പെട്രോൾ പമ്പ്, മെഡിക്കൽ സ്റ്റോർ, പച്ചക്കറി-പഴം വിൽപന കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവ ഭാഗികമായി പ്രവർത്തിച്ചു. പൊതുഗതാഗതത്തിന് ട്രെയിൻ മാത്രമായിരുന്നു ആശ്രയം. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഐക്യദാർഢ്യ സമ്മേളനങ്ങളും പ്രകടനങ്ങളും നടത്തി. 'കരിനിയമങ്ങളും ഭീഷണിയും തള്ളി പണിമുടക്ക് പൂർണം' കൊല്ലം: എല്ലാ കരിനിയമങ്ങളെയും അവഗണിച്ച് ജീവനക്കാരും അധ്യാപകരും ദ്വിദിന പണിമുടക്ക് സമ്പൂർണമാക്കിയെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ജില്ല കൺവീനർ എസ്. ഓമനക്കുട്ടനും അധ്യാപക സർവിസ് സംഘടനാ സമരസമിതി ജില്ല കൺവീനർ ആർ. രാജീവ് കുമാറും പറഞ്ഞു. ദ്വിദിന പണിമുടക്കിന് ഐക്യദാർഡ്യവുമായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്‍റെയും അധ്യാപക സർവിസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ പണിമുടക്ക് കേന്ദ്രങ്ങളിലേക്ക് പ്രകടനം നടത്തി. കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ നിന്ന് ചിന്നക്കടയിലേക്ക് നടത്തിയ പ്രകടനത്തിന് എൻ.ജി.ഒ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. അനിൽ കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എസ്. സബിത, എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി വി.ആർ. അജു, അധ്യാപക സർവിസ് സംഘടന സമരസമിതി ജില്ല കൺവീനർ ആർ. രാജീവ് കുമാർ, കെ.ജി.ഒ.എ ജില്ല സെക്രട്ടറി എസ്. ദിലീപ്, ജോയന്‍റ് കൗൺസിൽ ജില്ല സെക്രട്ടറി കെ. വിനോദ്, കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ.കെ.ജി. പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.