ഹൈദരലി തങ്ങളുടെ കാരുണ്യസ്മരണയിൽ സുനീർ

ഓച്ചിറ: ഹൈദരലി തങ്ങളുടെ കാരുണ്യത്തിൽ ജീവിതം കരുപ്പിടിപ്പിച്ചതിന്‍റെ സ്മരണയിൽ​ പ്രയാർ തെക്ക് ഓതിക്കുന്നിടത്ത് റഹീസ് മൻസിലിൽ സുനീർ (38). തങ്ങളെ കാണാൻ സ്ഥിരമായി പാണക്കാട്ട് എത്തിയിരുന്ന സുനീറിനോട്​ അദ്ദേഹത്തിന്​ ​​പ്രത്യേക വാത്സല്യമായിരുന്നു. വർഷങ്ങൾക്ക്​ മുമ്പ്​ ക്ലാപ്പനയിലെ സുനീറിന്‍റെ വാടകവീട്ടിൽ എത്തിയ തങ്ങൾ കുടുംബത്തിന്​ തണലായിമാറി. മത്സ്യത്തൊഴിലാളി കുടുംബത്തിന്‍റെ സ്ഥിതി കണ്ട്​ ഭൂമി വാങ്ങി വീട്​ നിർമിക്കാൻ ഉമ്മർ ഒട്ടുങ്കലിനെ ചുമതലപ്പെടുത്തി. അഞ്ച്​ സെന്‍റ്​ വസ്തുവിന്‍റെ പ്രമാണം ഹൈദരലി തങ്ങളാണ് സുനീറിന് കൈമാറിയത്. വീട് വെക്കുന്നതിന് പ്രത്യേക സംഭാവനയും നൽകി. ലീഗ് പ്രവർത്തകരുടെ സഹായം കൂടി ആയപ്പോൾ സുനീറിന്​ സ്വന്തം വീടായി. തങ്ങൾ തന്നെയാണ് റഹീസ് മൻസിൽ എന്ന് വീടിന് പേരിട്ടത്​. തങ്ങളുടെ വേർപാടിൽ വേദനിക്കുന്ന സുനീർ​ അവസാനമായി കാണാൻ കഴിയാത്ത ദുഃഖത്തിനിടയിലും പ്രാർഥനയിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.