അമിത ഭാരം കയറ്റിയ ടിപ്പറുകൾ തിരിച്ചുവിട്ടു

പുനലൂർ: തമിഴ്നാട്ടിൽനിന്ന് പാറയുൽപന്നങ്ങൾ വൻതോതിൽ അമിതഭാരം കടത്തി കേരളത്തിലേക്ക് വരുന്നതിനിടെ മോട്ടോർ വെഹിക്കിൾ സ്പെഷൽ സ്ക്വാഡ് ചെക്പോസ്റ്റിലടക്കം മിന്നൽ പരിശോധന നടത്തി. അമിതഭാരവുമായി വന്ന രണ്ടു ടിപ്പറുകൾ തമിഴ്നാട്ടിലേക്ക് തിരിച്ചുവിട്ടു. തിരുവനന്തപുരം ജില്ലയിലുള്ള സ്ക്വാഡ് വ്യാഴാഴ്ച രാവിലെയാണ് ആര്യങ്കാവ് ആർ.ടി.ഒ ചെക്പോസ്റ്റിൽ പരിശോധനക്കെത്തിയത്. എന്തെങ്കിലും ക്രമക്കേട് കണ്ടെത്താൻ ഇവർക്കായില്ല. ഇതിനിടെയാണ് രണ്ടു ടിപ്പറുകൾ പെർമിറ്റ് അളവിൽ കൂടുതൽ ഭാരവുമായി ഇതുവഴി വന്നത് സംഘം പിടികൂടിയത്. അധിക ലോഡ് തൂക്കി നോക്കാൻ ഇവിടെ സംവിധാനമില്ലാത്തതിനാൽ ടിപ്പറുകൾ തമിഴ്നാട്ടിലേക്കുതന്നെ തിരിച്ചയച്ചു. അധികമായ ഭാരം ഒഴിവാക്കി വരാൻ നിർദേശിച്ചു. തുടർന്ന് സംഘം തെന്മല- തിരുവനന്തപുരം റോഡ് കേന്ദ്രീകരിച്ച് ടിപ്പറുകൾ പരിശോധിച്ചു. അതേസമയം അമിതഭാരം കയറ്റിവരുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും പൊലീസ്, മോട്ടോർ വെഹിക്കിൾ അധികൃതരുടെ നടപടി തുടരുമ്പോഴും ഇത്തരം ടിപ്പറുകൾക്ക് യാതൊരു കുറവുമില്ല. പുളിയറയിൽ ടിപ്പറുകൾ തടയുന്നത് ദേശീയപാതയിൽ കൂട്ടപ്പാച്ചിലിനും അപകടത്തിനും ഇടയാക്കുന്നു പുനലൂർ: പുളിയറയിൽ തമിഴ്നാട് പൊലീസ് അനാവശ്യമായി ടിപ്പറുകൾ മണിക്കൂറുകൾ തടഞ്ഞിടുന്നത് അമിതവേഗത്തിനും പാതയിലെ തിരക്കിനും ഇടയാക്കുന്നതായി ഡ്രൈവർമാർ. തമിഴ്നാട്ടിൽനിന്ന്​ ആര്യങ്കാവ് വഴി വരുന്ന ടിപ്പറുകൾ ഓവർലോഡ് കയറ്റി അമിത വേഗത്തിൽ വരുന്നത് അപകടത്തിൽപെടുന്നതും പതിവാണ്. ടിപ്പറുകളുടെ ഒരുമിച്ചുള്ള വരവ് ചെറുവാഹനങ്ങൾക്കും കാൽനടക്കാർക്കും അപകട ഭീഷണിയുണ്ടാക്കുന്നു. പുനലൂർമുതൽ കോട്ടവാസൽവരെയാണ് ഇത്തരം ടിപ്പറുകളുടെ വരവ് കൂടുതൽ പ്രശ്നമുണ്ടാക്കുന്നത്. ഇടുങ്ങിയ പാതയും എസ് വളവുകളും കുത്തിറക്കവും കയറ്റവും കൂടുതലായുള്ളത് ഈ ഭാഗത്താണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.