വിവരശേഖരണം നടത്തുന്നത് പ്രദേശവാസികളായ 32 വളന്‍റിയർമാർ കൊല്ലം: കെ-റെയിൽ സാമൂഹിക പ്രത്യാഘാത പഠനം ജില്ലയിൽ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള വളന്‍ററി ഹെൽത്ത് സർവിസ് ആണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. വിവരശേഖരണം നടത്തുന്നതിന് പ്രദേശവാസികളായ 32 വളന്‍റിയർമാരെയാണ് ജില്ലയിൽ സജ്ജരാക്കിയിരിക്കുന്നത്. ഇവരിൽ 22 പേരുടെ പരിശീലനം കഴിഞ്ഞദിവസം പൂർത്തിയായി. ഓരോ വില്ലേജിലും വിവരശേഖരണം നടത്തുന്നതിന് കുറഞ്ഞത് രണ്ട് വളന്‍റിയർമാരെയാണ് നിയോഗിക്കുന്നത്. നിലവിൽ കല്ലിടൽ പൂർത്തിയായ അഞ്ച് വില്ലേജുകളിലാണ് പഠനം നടത്തുന്നത്. പാരിപ്പള്ളി, കല്ലുവാതുക്കൽ, ആദിച്ചനല്ലൂർ, ചിറക്കര, മീനാട് വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ സംഘം വിവരശേഖരണം നടത്തുക. 100 ദിവസങ്ങൾക്കുള്ളിൽ പഠന റിപ്പോർട്ട് നൽകേണ്ടതുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മറ്റ് വില്ലേജുകളിൽ കല്ലിടൽ നീണ്ടുപോകുന്നതിനാലാണ് തൽക്കാലം പൂർത്തിയായ സ്ഥലങ്ങളിൽ പഠനം തുടങ്ങാമെന്ന ധാരണയിലെത്തിയത്. അടുത്തയാഴ്ചയോടെ ബാക്കി വില്ലേജുകളിലും കല്ലിടൽ ആരംഭിക്കാനാകുമെന്നാണ് കെ-റെയിൽ അധികൃതർ പ്രതീക്ഷിക്കുന്നത്. വിയോജിപ്പും പരാതിയും നൽകാം പൊതുജനത്തിന്‍റെ ആവലാതികളും വിയോജിപ്പുകളും അഭിപ്രായങ്ങളും ക്ഷമാപൂർവം കേട്ട് അതെല്ലാം രേഖപ്പെടുത്തുക എന്ന ഉത്തരവാദിത്തമാണ് സാമൂഹിക പ്രത്യാഘാത പഠനത്തിനെത്തുന്ന വളന്‍റിയർമാരുടെ പ്രാഥമിക കർത്തവ്യം. പഞ്ചായത്ത് തലത്തിൽ വളന്‍റിയർമാരായി തെരഞ്ഞെടുത്തതും പ്രശ്നങ്ങൾ കേട്ടിരിക്കാൻ കഴിവുള്ളവരെയാണ്. പദ്ധതി സംബന്ധിച്ച ഡി.പി.ആർ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും മൊബൈൽ ആപ്പും വളന്‍റിയർമാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. വിവരശേഖരണത്തിനൊപ്പം പ്രാദേശികതലത്തിൽ പദ്ധതി സംബന്ധിച്ച സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനുള്ള പരിശീലനവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. പ്രതിദിനം 10 വസ്തു/വീട് ഉടമകളെ വരെയാണ് ഒരു വില്ലേജിൽ വളന്‍റിയർമാർ കാണുക. നിഷ്പക്ഷവും സുതാര്യവുമായ സാമൂഹിക പ്രത്യാഘാത പഠനമാണ് തങ്ങൾ ലക്ഷ്യമിടുന്നതും ഉറപ്പുനൽകുന്നതും എന്നാണ് കേരള വളന്‍ററി ഹെൽത്ത് സർവിസ് അധികൃതർ വിശദമാക്കുന്നത്. ആശങ്കകളും പരാതികളും അഭിപ്രായങ്ങളും സർക്കാറിന് മുന്നിലെത്തിക്കാനുള്ള അവസരവും അവകാശവുമായി വേണം പൊതുജനങ്ങൾ ഈ പഠനത്തെ ഉപയോഗപ്പെടുത്താൻ. വിവരശേഖരണത്തിന് എത്തുന്ന വളന്‍റിയർമാരുടെ ൈകയിൽ ചോദ്യാവലിയുണ്ടാകും. ഇതിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി അവർ തന്നെ എഴുതിയെടുക്കും. കൂടുതൽ എന്തെങ്കിലും പറയണമെങ്കിൽ അതിനും അവസരം നൽകും. വളന്‍റിയർമാർ എത്തുന്ന സമയത്ത് സംസാരിക്കാൻ കഴിയാത്തവർക്ക് അടുത്ത ദിവസങ്ങളിലും അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.