കരിമ്പനി നിര്‍മാര്‍ജനത്തിന് മണലീച്ച സര്‍വേ

* രോഗം സ്ഥിരീകരിച്ച ഇടങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന്​ ഡി.എം.ഒ കൊല്ലം: കാലാ അസർ എന്ന കരിമ്പനി രോഗത്തി‍ൻെറ നിര്‍മാര്‍ജനത്തിനായി ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ജില്ല മെഡിക്കല്‍ ഓഫിസും ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും സംയുക്തമായി മണലീച്ച സര്‍വൈലന്‍സ് നടത്തുന്നു. 2023ല്‍ സമ്പൂര്‍ണ രോഗ നിര്‍മാര്‍ജനമാണ് ലക്ഷ്യം. ജൂണ്‍ 21ന് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്​. ഈച്ച കടക്കാതിരിക്കാന്‍ മരുന്ന് ലേപനം ചെയ്ത വലകളും വിതരണം ചെയ്യുമെന്ന് ഡി.എം.ഒ അറിയിച്ചു. ചികിത്സിച്ചില്ലെങ്കില്‍ മരണകാരണമാകാവുന്ന പകര്‍ച്ച വ്യാധിയാണ് കരിമ്പനി അഥവാ കാലാ അസര്‍. മണലീച്ചയാണ് രോഗം പരത്തുന്നത്. രണ്ടാഴ്ച മുതല്‍ രണ്ട് വര്‍ഷം വരെ എടുക്കും രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍. രണ്ടാഴ്ചയില്‍ കൂടുതല്‍ നീളുന്ന പനി, ക്ഷീണം, ശരീരത്തി‍ൻെറ തൂക്കം കുറയുക, തൊലിപ്പുറമേ കുരുപോലെ വന്ന് വ്രണമായി മാറുക, വയറുവീര്‍ത്ത് നിറഞ്ഞുവരുന്നതായി തോന്നുക എന്നിവയാണ് ലക്ഷണങ്ങള്‍. നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച്​ ഭേദമാക്കാം. മണലീച്ചകളെ നശിപ്പിക്കുകയും വളരുന്ന ചുറ്റുപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുകയാണ് പ്രധാന പ്രതിരോധമാര്‍ഗം. വീടുകളില്‍ ഇവക്കെതിരെയുള്ള കീടനാശിനി തളിക്കാം. പൊക്കമുള്ള സ്ഥലങ്ങളില്‍ മണലീച്ച സാന്നിധ്യമുണ്ടാകില്ല. രോഗം കണ്ടെത്തുന്ന സ്ഥലങ്ങളില്‍ കൊതുകുവലയില്‍ കീടനാശിനി സ്‌പ്രേ ചെയ്യണം. വീടിനു പുറത്തിറങ്ങുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കണം. പൊതുവേയുള്ള ശുചിത്വം പ്രധാനമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പുറത്തും വെറും തറയിലും കിടന്നുറങ്ങരുത്. നിലത്തും ഭിത്തിയിലുമുള്ള എല്ലാ സുഷിരങ്ങളും അടയ്ക്കണം. മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ വ്യക്തിശുചിത്വം പാലിക്കുകയും വേണം. മനുഷ്യരില്‍നിന്ന്​ രോഗം നേരിട്ട്​ പകരില്ല. രോഗിയെ കടിച്ച ചെള്ള് മറ്റൊരാളെ കടിക്കുന്നതുവഴി പകരും. കൃത്യമായ പരിശോധന നടത്തുന്നത് പ്രധാനമാണ്. രോഗം സ്ഥിരീകരിച്ച ഇടങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ഡി.എം.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.