കല്ലുകടവ്​ പാലം അപകട​​ക്കെണി

ശാസ്താംകോട്ട: കുന്നത്തൂർ-കരുനാഗപ്പള്ളി താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലുകടവ് പാലത്തിൽ കൂടിയുള്ള യാത്ര അപകടസാധ്യതയുയർത്തുന്നു. പാലത്തിന്‍റെ ഭാഗത്ത് ടാർ ചെയ്യാത്തത് മൂലം വലുതും ചെറുതുമായ നിരവധി കുഴികൾ രൂപപ്പെട്ടതാണ് അപകടത്തിന് കാരണമാകുന്നത്. പാലത്തിന്‍റെ ഒരു ഭാഗത്ത് വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്ന് പോകുന്ന ശാസ്താംകോട്ട-കരുനാഗപ്പള്ളി പ്രധാനപാതയിലെ പാലത്തിന്‍റെ ഇരുവശങ്ങളിലും കിഫ്ബി പദ്ധതി പ്രകാരം ടാർ ചെയ്തങ്കിലും പാലത്തിന്‍റെ ഭാഗം ഒഴിച്ചിട്ടു. ടാർ ചെയ്തിട്ട് മൂന്ന്​ വർഷത്തിലധികമായ ഈ ഭാഗം തകർന്ന നിലയിലാണ്. ഇതുകാരണം ഇരുചക്രവാഹനയാത്രക്കാർ അടക്കം അപകടത്തിൽപെടുന്നു. പ്രദേശത്തെ പൊതുപ്രവർത്തകർ വിഷയം പൊതുമരാമത്ത്മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും മന്ത്രി അടിയന്തര നടപടിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും വീണ്ടും പഴയ രീതിയിലായി. റോഡിന്‍റെ നിർമാണം ഏറ്റെടുക്കാൻ പുതിയ കരാറുകാർ വന്നാലേ ശാശ്വത പരിഹാരം ഉണ്ടാകൂ എന്നാണ്​ അധികൃത നിലപാട്. വലിയ അപകടം ഉണ്ടാകുന്നതിന് മുമ്പ് റോഡിന്‍റെ ദയനീയ സ്ഥിതിക്ക്​ പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം. പാലത്തിന്‍റെ ഇരുവശങ്ങളും കാട്കയറിയതിനൊപ്പം മാലിന്യ നിക്ഷേപവും വർധിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.