റീസർവേ അപാകത ഒരു മാസത്തിനകം പരിഹരിക്കണം; ഇല്ലെങ്കിൽ നടപടിയെന്ന് മനുഷ്യാവകാശ കമീഷൻ

കൊല്ലം: റീസർവേയിൽ വന്ന അപാകത ഒരു മാസത്തിനകം പരിഹരിക്കാത്തപക്ഷം കൊട്ടാരക്കര തഹസിൽദാർക്കെതിരെ അച്ചടക്ക നടപടിക്ക് ഉത്തരവ് നൽകുമെന്ന് മനുഷ്യാവകാശ കമീഷൻ. കൊട്ടാരക്കര തഹസിൽദാർക്കാണ് കമീഷനംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. കൊല്ലം ഐരക്കുഴി സ്വദേശി ബാലകൃഷ്ണപിള്ളയുടെ പരാതിയിലാണ് നടപടി. കമീഷൻ കൊട്ടാരക്കര താലൂക്ക് തഹസിൽദാറിൽ നിന്ന്​ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന് അവകാശമുള്ള മാങ്കോട് വില്ലേജിലെ 10 സെന്‍റ്​ സ്ഥലം ഇനം മാറ്റി നൽകാൻ നൽകിയ അപേക്ഷയിലാണ് ഇതുവരെ തീരുമാനമെടുക്കാത്തത്. പരാതി പരിഹരിക്കുന്നതിന് അളവും സ്കെച്ചും സെറ്റിൽമെന്‍റ്​ രജിസ്റ്ററും ആവശ്യമാണെന്നും അത് ലഭിക്കുന്നതിനായി സെൻട്രൽ സർവേ ഓഫിസിലേക്ക് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, എല്ലാ റെക്കോഡുകളും താൻ ഹാജരാക്കിയിട്ടുണ്ടെന്നും കൊട്ടാരക്കര തഹസിൽദാറുടെ ഭാഗത്ത് നിന്നുണ്ടായത് മനുഷ്യാവകാശ ലംഘനമാണെന്നും പരാതിക്കാരൻ അറിയിച്ചു. രേഖകൾ പരിശോധിച്ച കമീഷന് പരാതി ശരിയാണെന്ന് ബോധ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.