അഴീക്കല്‍ ബീച്ച് വികസനത്തിന് മുന്‍ഗണന

ചിത്രം- കൊല്ലം: അഴീക്കല്‍ ബീച്ച് ടൂറിസം ആകര്‍ഷകമാക്കുന്നതിന് സുരക്ഷാകാര്യങ്ങള്‍ ഉൾപ്പെടെ കൂടുതല്‍ മെച്ചപ്പെടുത്തി സൗകര്യങ്ങള്‍ വിപുലീകരിക്കുമെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ബീച്ച് വികസനം സംബന്ധിച്ച് ചേംബറില്‍ നടത്തിയ യോഗത്തില്‍ പാര്‍ക്കിങ്, ശുചിമുറി സൗകര്യങ്ങള്‍ക്കായി സ്ഥലം കണ്ടെത്തുന്നതിന്​ സര്‍വേ നടത്തുമെന്നും വ്യക്തമാക്കി. സര്‍വേ നടപടികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കരുനാഗപ്പള്ളി തഹസില്‍ദാറെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ റവന്യൂ, ഹാര്‍ബര്‍ എന്‍ജിനീയറിങ്, പൊലീസ്, എക്‌സൈസ്, ടൂറിസം വകുപ്പുകളെ ഉള്‍പ്പെടുത്തി സ്ഥലം സന്ദര്‍ശിക്കും. സുരക്ഷാനടപടികളുടെ ഭാഗമായി സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി. സിഗ്‌നൽ ലൈറ്റും മറ്റ്​ ലൈറ്റുകളും സ്ഥാപിക്കേണ്ടത് ആലപ്പാട് പഞ്ചായത്താണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുകയും വേണം. ഓപണ്‍ ഗ്യാലറി, സീവോള്‍ നിര്‍മാണം എന്നിവയുടെ പുരോഗതി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് സമര്‍പ്പിക്കണം. പുലിമുട്ടിന് മുകളില്‍നിന്ന് സെല്‍ഫി എടുക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് അപകട സൂചന ബോര്‍ഡുകളും വേലിയും സ്ഥാപിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. എ.ഡി.എം ആര്‍. ബീനാറാണി, ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, കരുനാഗപ്പള്ളി തഹസില്‍ദാര്‍ പി. ഷിബു എന്നിവര്‍ പങ്കെടുത്തു. ------------------------------------------------- 'ദി സിറ്റിസണ്‍' കാമ്പയിന്‍: അവലോകന യോഗം കൊല്ലം: 'ദി സിറ്റിസണ്‍' കാമ്പയിന്‍റെ പ്രവര്‍ത്തനപുരോഗതിയും തുടർപ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ അവലോകനയോഗം ചേര്‍ന്നു. സമ്പൂര്‍ണ ഭരണഘടന സാക്ഷര ജില്ല പ്രഖ്യാപനത്തിന്​ മുന്നോടിയായി വിവിധ വകുപ്പുകള്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലതല ഉദ്യോഗസ്ഥരുടെ ഫലപ്രദമായ ഇടപെടല്‍ പദ്ധതിയുടെ വിജയത്തിന് ആവശ്യമാണെന്ന് ആസൂത്രണസമിതി സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്‍ പറഞ്ഞു. കൂടുതല്‍ കൈപുസ്തകങ്ങളും സ്ഥാപനങ്ങളിലും വാഹനങ്ങളിലും പതിക്കാനുള്ള സ്റ്റിക്കറുകളും വിതരണം ചെയ്യാനുള്ള പോസ്റ്ററുകളും ലഭ്യമാക്കുമെന്ന് അധ്യക്ഷതവഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍ പറഞ്ഞു. വൈസ് പ്രസിഡന്‍റ് സുമ ലാല്‍, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന, ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുന്‍ വാഹിദ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.