നെടുമ്പന ആയുർവേദ ആശുപത്രിയിലെ മരംമുറി; കൂടുതൽ തെളിവുകൾ പുറത്ത്

കൊട്ടിയം: നെടുമ്പന ആയുർവേദ ആശുപത്രിയിലെ മരങ്ങൾ മുറിച്ചുകടത്തിയ സംഭത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. അതേസമയം, മരം മുറിച്ച തൊഴിലാളികളെ കേസിൽപെടുത്തി തടിയൂരാൻ പഞ്ചായത്ത് അധികൃതർ ശ്രമം നടത്തുന്നതായി ആക്ഷേപമുയരുന്നു. പഞ്ചായത്ത് അറിവോടുകൂടിയാണ് മരംമുറിനടന്നതെന്നാണ് ആശുപത്രി സൂപ്രണ്ട് ഇക്കഴിഞ്ഞ 21ന് കണ്ണനല്ലൂർ പൊലീസിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് ഡി.എം.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും അയച്ചിട്ടുണ്ട്. നിലവിൽ ആശുപത്രി സൂപ്രണ്ടും പഞ്ചായത്ത് സെക്രട്ടറിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഓരോ ദിവസവും തെളിവുകൾ ഒന്നൊന്നായി പുറത്തുവരുന്നതോടെ മരംമുറി വിഷയത്തിൽ പഞ്ചായത്ത് ഭരണ സമിതി ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണ സ്വാധീനം ഉപയോഗിച്ച് കൂലിപ്പണിക്കാരെ കേസിൽ പ്രതികളാക്കാനാണ് ശ്രമം നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനായി നിയമപരമായി മുന്നോട്ട് പോകുമെന്നും പ്രതികളെ അറസ്റ്റ് ചെയ്യാൻ താമസിച്ചാൽ പൊലീസ് സ്​റ്റേഷനുമുന്നിൽ എം.എൽ.എ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന സമരം ആരംഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശോഭന കുമാരി, ഹാഷിം, സുജ ബിജു, ശിവദാസൻ, റജില ഷാജഹാൻ, ആരിഫ സജീവ്, ഷീല മനോഹരൻ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.