കാട്ടുപന്നി: സർക്കാർ തീരുമാനം മലയോരമേഖലക്ക് ആശ്വാസമാകും

പുനലൂർ: നാശകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള തീരുമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കാർ നടപടി മലയോരത്തെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകും. കാടിനോട് ചേർന്നും തൊട്ടടുത്ത നാടുകളിലും ഇറങ്ങി സർവതും നശിപ്പിക്കുന്ന കാട്ടുപന്നികളുടെ ആക്രമണത്തിൽ മേഖലയിലുള്ള കർഷകർ വൻനഷ്ടമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കൃഷി കൂടാതെ മനുഷ്യജീവനും ഭീഷണിയായിരുന്നു. ഇവകളെ തുരത്താൻ എന്തെങ്കിലും പ്രതിവിധി സ്വീകരിച്ചാൽ വനംവകുപ്പിന്‍റെ ഭാഗത്തുനിന്നുള്ള നടപടികാരണം ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയായിരുന്നു. വനം-വന്യജീവി നിയമം കർശനമായി വന്യമൃഗവേട്ട കുറഞ്ഞതോടെ വനത്തിൽ പന്നികളടക്കം മൃഗങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചു. ഇതിനനുസരിച്ച് കാട്ടിൽ തീറ്റയില്ലാതാകുന്നതോടെ പന്നിയും ആനയുമെല്ലാം കാടുവിട്ട് കിലോമീറ്ററുകൾ അകലെയുള്ള കൃഷിയിടങ്ങൾ തേടിയിറങ്ങുകയാണ്. പന്നികളാകട്ടെ പത്തും പതിനഞ്ചും എണ്ണം കൂട്ടമായി ഇറങ്ങിയാണ് കൃഷി നാശം വരുത്തുന്നത്. ഇവകൾ കാടുവിടുന്നത് തടയാൻ കിഴക്കൻ മലയോരത്ത് മിക്കയിടത്തും കോടികൾ മുടങ്ങി സൗരോർജ വേലിയടക്കം പ്രതിരോധ പ്രവർത്തനം നടത്തിയിട്ടുണ്ടെങ്കിലും തടുക്കാനാകുന്നില്ല. പലയിടത്തും വേലികൾ തകർത്തുകൊണ്ടാണ് ഇവകൾ ഇറങ്ങുന്നത്. പുനലൂർ, പത്തനാപുരം താലൂക്കുകളിലെ മിക്ക പഞ്ചായത്തുകളിലും പന്നി ശല്യം രൂക്ഷമാണ്. കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ്, ഏരൂർ, പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകളിലും പുനലൂർ നഗരസഭയിലുമാണ് നഷ്ടം കൂടുതലായുള്ളത്. ചെറുകിട കർഷകരെ കൂടാതെ പൊതുമേഖല സ്ഥാപനങ്ങളായ ഓയിൽപാം, റിഹാബിലിറ്റേഷൻ പ്ലാന്‍റേഷൻ, ഫാമിങ് കോർപറേഷൻ മറ്റ് സ്വകാര്യ തോട്ടങ്ങൾ എന്നിവിടങ്ങളിലും പന്നി നാശം വരുത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.