അപ്പീൽ സാധ്യത ആരാഞ്ഞ്​​ പ്രതി...

കൊല്ലം: ചൊവ്വാഴ്ച രാവിലെ 10.45നാണ് കിരണ്‍കുമാറിനെ കൊല്ലം സബ് ജയിലില്‍നിന്ന് ഒന്നാം അഡീഷനല്‍ മജിസ്‌ട്രേറ്റ്​ കോടതിയിലെത്തിച്ചത്. 11ന് കോടതി നടപടികള്‍ ആരംഭിച്ച് ആദ്യ കേസായിതന്നെ വിസ്മയ കേസ് പരിഗണിച്ചു. കിരണ്‍കുമാര്‍ വെള്ള പാന്‍റും ഗ്രേകളര്‍ ഷര്‍ട്ടും ധരിച്ചാണ് കോടതിയിലെത്തിയത്. കോടതിയിലെ ബെഞ്ചില്‍ ഇരുന്ന കിരണിന്‍റെ മുഖത്ത് ശിക്ഷ വിധിക്കുന്നതിന് തൊട്ട് മുമ്പുവരെ പരിഭ്രമമുണ്ടായിരുന്നു. ശിക്ഷ വിധിച്ചു കഴിഞ്ഞശേഷം സമീപത്തിരുന്ന മറ്റൊരു അഭിഭാഷകനോട് കാര്യങ്ങള്‍ തിരക്കുന്നതും കാണാമായിരുന്നു. ഇതിനുശേഷം കിരണിന്‍റെ പിതാവ് അടുത്തേക്ക്​ വന്നിരുന്നു. ഈ സമയം പിതാവിന്‍റെ കൈയില്‍ മുറുകെ പിടിച്ച് അപേക്ഷിക്കുന്നപോലെ ദയനീയമായിരുന്നു കിരണിന്‍റെ പെരുമാറ്റം. കണ്ണുകൾ നിറയുകയും ചെയ്തു. കോടതി നടപടികൾക്കൊടുവിൽ കിരണിനെ ​പൊലീസ് കൊണ്ടുപോകുന്നത് കണ്ട് പിതാവും കരഞ്ഞു. വൈകുന്നേരം 3.30ഓടെ കോടതിയില്‍ തിരിച്ചെത്തിച്ച കിരണ്‍ ശാന്തനായി കാണപ്പെട്ടു. കിരണിനോട് സംസാരിച്ച അഭിഭാഷകരോട് ഹൈകോടതിയില്‍ അപ്പീല്‍പോയാല്‍ ശിക്ഷ ഇളവ് കിട്ടുമോയെന്ന്​ ആരാഞ്ഞു. അപ്പീല്‍ പോയാല്‍ ശിക്ഷ ഇളവ് കിട്ടിയേക്കാമെന്ന് ചിലര്‍ പറഞ്ഞതോടെ കിരണിന്‍റെ മുഖത്തെ പരിഭ്രമവും മാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.