കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ആക്രമിച്ച രണ്ടുപേര്‍ പിടിയില്‍

കുളത്തൂപ്പുഴ: തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍ സംസ്ഥാന ബസ് സര്‍വിസിലെ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ കുളത്തൂപ്പുഴ സ്വദേശികളായ രണ്ടുപേര്‍ പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം വൈകീട്ട്​ ആറരയോടെ കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്കു മുന്നിലായിരുന്നു സംഭവം. ബസിലെ യാത്രക്കാരനായ യുവാവിനോട് കൈ പുറത്തേക്കിടരുതെന്ന്​ വിലക്കിയതിനെ തുടര്‍ന്നുള്ള സംഭവമാണ് കൈയേറ്റത്തിലേക്ക് നയിച്ചതെന്ന് യാത്രികര്‍ പറഞ്ഞു. ബസ് ഡിപ്പോക്ക് സമീപമെത്തിയപ്പോള്‍ യുവാവ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ഇയാളുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അമ്പലക്കടവ് സ്വദേശി സാബു, മുജീബ് എന്നിവരെ കുളത്തൂപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറായ കരുനാഗപ്പള്ളി സ്വദേശി ആര്‍. ജയകുമാറി (52)നാണ് മുഖത്ത്​ സാരമായി പരിക്കേറ്റത്. പരിക്കേറ്റയാളെ കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച്​ പ്രാഥമിക ശുശ്രൂഷ നല്‍കി. പല്ലുകള്‍ അടര്‍ന്നു പോകുകയും മുഖത്തെ മുറിവുകളില്‍ നിന്നുള്ള രക്തസ്രാവം നിലക്കാതെയും വന്നതോടെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ജോലിക്ക് തടസ്സമുണ്ടാക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തതായി കാട്ടി കേസെടുത്തതായി കുളത്തൂപ്പുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ഗിരീഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.