മൃഗവിസര്‍ജ്യം പാചകവാതകമാക്കാന്‍ കോടനാട് അഭയാരണ്യത്തില്‍ തുറന്ന കേന്ദ്രം

ആന പിണ്ഡമി​ട​ട്ടെ, കൃഷി തഴച്ചു വളരും.. അടുപ്പ്​ പുകയുകയും ചെയ്യും

പെരുമ്പാവൂര്‍: അഭയാരണ്യത്തിലെ ആനപ്പിണ്ഡവും മൃഗവിസര്‍ജ്യവും ഇനി ജൈവവളവും പാചകവാതകവുമാകും. ഇതിനായുള്ള പദ്ധതി കോടനാട് അഭയാരണ്യം വിനോദസഞ്ചാര കേന്ദ്രത്തില്‍ ആരംഭിച്ചു.

കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽനിന്ന്​ 15 ലക്ഷം രൂപയും ശുചിത്വമിഷ​െൻറ ഗോബര്‍ധന്‍ പദ്ധതിയില്‍നിന്ന്​ നാലുലക്ഷവും ചേര്‍ത്ത് 19 ലക്ഷം ചെലവഴിച്ചാണ് പദ്ധതി ആരംഭിച്ചത്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ വനംവകുപ്പിന് കീഴി​െല അഭയാരണ്യം ഇക്കോ ടൂറിസം സെൻററില്‍ ഈ പദ്ധതി അനിവാര്യമാണെന്ന് വിദഗ്ധാഭിപ്രായമുയര്‍ന്നിരുന്നു. പെരിയാര്‍ നദിയുടെ തീരത്തുള്ള 250 ഏക്കര്‍ സ്ഥലത്താണ് അഭയാരണ്യം സ്ഥിതിചെയ്യുന്നത്.

ഇവിടത്തെ പ്രധാന ആകര്‍ഷണം ആറ് ആനകളും 300 മാനുകളുമാണ്. ഇവയുടെ വിസര്‍ജ്യം ശാസ്ത്രീയമായി സംസ്‌കരിക്കാനും ഇതില്‍നിന്ന് ജൈവവളവും പാചക ഗ്യാസും ഉൽപാദിപ്പിക്കാനുമാണ് പദ്ധതി. അഭയാരണ്യത്തിലെ കാടുകള്‍ ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. ആനപ്പിണ്ഡവും മൃഗങ്ങളുടെ വിസര്‍ജ്യവും ഭക്ഷണാവശിഷ്​ടങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടാത്തതുമൂലം ഗുരുതര പരിസ്ഥിതി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്​ടിക്കുന്നുണ്ട്. മഴക്കാലമായാല്‍ മലിനജലം നദിയിലേക്ക് ഒഴുകിയെത്തും.

കൂടാതെ സംസ്‌കരിക്കപ്പെടാത്ത ആനപ്പിണ്ഡവും ഭക്ഷണാവശിഷ്​ടങ്ങളും പ്രദേശത്തെ മലിനപ്പെടുത്തുകയാണ്. ദുര്‍ഗന്ധവും കൊതുകുശല്യവും രൂക്ഷമാകുകയും ചെയ്തിരുന്നു. ആരോഗ്യമുള്ള ഒരാന 100 മുതല്‍ 150 കിലോ പിണ്ടം വരെ ഒരുദിവസം പുറന്തള്ളും. ഈ പിണ്ടം ആനയുടെ അടുത്തുതന്നെ കുമിഞ്ഞുകൂടുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സാധാരണ ഇത്​ കത്തിച്ചുകളയുകയാണ് പതിവ്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനും കോടനാട് സ്വദേശിയുമായ പ്രകാശി​െൻറ ആശയം യാഥാര്‍ഥ്യമായതോടെ ഇതിനെല്ലാം പരിഹാരമാകുകയാണ്. ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.പി. പ്രകാശ് അധ്യക്ഷത വഹിച്ചു. എ.സി.എഫ് കെ.എ. സാജു, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ മായ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - The elephant dung and animal excrement in abhayaranyam will now be organic manure and cooking gas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.