കാക്കനാട്: മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട രേഖകൾ പെരുവഴിയിൽ. പഴയ ആർ.സി ബുക്കുകളും ലൈസൻസുകളുമാണ് പെരുമഴയിൽ വഴിയിൽനിന്ന് ലഭിച്ചത്. ആർ.ടി ഓഫിസിൽ സൂക്ഷിക്കേണ്ടവയാണിവ.
എറണാകുളം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആർ.ടി ഓഫിസിലെ രേഖകളാണ് റോഡിൽനിന്ന് ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വഴിയരികിൽനിന്ന് ലഭിച്ച രേഖകൾ അടങ്ങിയ കവർ കിട്ടിയ ലോറി ഡ്രൈവർമാർ കലക്ടറേറ്റിലെ സുരക്ഷ ജീവനക്കാരുടെ കൈവശം നൽകുകയായിരുന്നു. പിന്നീട് ഇവർ തുറന്നുനോക്കിയപ്പോഴാണ് ആർ.സി ബുക്കുകളും ലൈസൻസുകളുമാണെന്ന് മനസ്സിലായത്. ഉടമസ്ഥാവകാശം മാറ്റിയ ആർ.സി ബുക്കുകളും കാലാവധി തീർന്നതടക്കമുള്ള ലൈസൻസുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
2019 ഏപ്രിലിൽ കാലാവധി കഴിഞ്ഞവയായിരുന്നു രേഖകളിൽ പലതും എന്നാണ് വിവരം. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റിയാൽ പഴയ ആർ.സി ബുക്കുകൾ അതത് ആർ.ടി ഓഫിസുകളിൽ നൽകണമെന്നാണ് ചട്ടം. പകുതി മുറിച്ചശേഷം ഈ രേഖകൾ ഓഫിസിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. അതേസമയം വഴിയരികിൽനിന്ന് ലഭിച്ച രേഖകൾ ഒരു കേടുപാടും പറ്റാത്ത അവസ്ഥയിലാണ്.
അതിനിടെ സിവിൽ സ്റ്റേഷനിലെ രണ്ടാംനിലയിലെ ആർ.ടി ഓഫിസിന് സമീപമുള്ള സ്റ്റോർ റൂമിൽ ഇവ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ആർക്കും എടുത്തുകൊണ്ട് പോകാൻ കഴിയുന്ന രീതിയിലാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.