വി.ഡി. സതീശന്റെ അധ്യാപകരായ സുധാംബിക ടീച്ചറും കുമാരൻ മാഷും
മരട്: വി.ഡി. സതീശൻ മുഖ്യമന്ത്രിയായെന്ന് അറിഞ്ഞതോടെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തിലാണ് അദ്ദേഹത്തെ കുഞ്ഞുനാളിൽ അക്ഷരം പഠിപ്പിച്ച പനങ്ങാട് സ്മിത ഭവനിലെ റിട്ട. അധ്യാപക ദമ്പതികളായ സുധാംബികയും കുമാരനും. നെട്ടൂർ എസ്.വി.യു.പി സ്‌കൂളിൽ ഏഴാം ക്ലാസ് പൂർത്തിയാക്കി പനങ്ങാട് ഹൈസ്കൂളിൽ എട്ടാം ക്ലാസിലെത്തിയ സതീശന്റെ ആദ്യത്തെ ക്ലാസ് ടീച്ചറായിരുന്നു സുധാംബിക. സതീശൻ ഒമ്പതാം ക്ലാസിലേക്ക് ജയിച്ച വർഷം ടീച്ചറും ഒമ്പതാം ക്ലാസിലെ അധ്യാപികയായതോടെ എട്ടിലും ഒമ്പതിലും സുധാംബിക ടീച്ചറുടെ ക്ലാസിലായിരുന്നു വി.ഡിയുടെ പഠനം.
സതീശനെ പത്താം ക്ലാസിൽ ബയോളജിയും പഠിപ്പിച്ച ടീച്ചർ, കുട്ടിയായിരുന്ന കാലം മുതൽ ഇതുവരെയുള്ള സതീശന്റെ കരുണയുള്ള മനസ്സിനെയാണ് എടുത്തുപറയുന്നത്. കുമാരനാണെങ്കിൽ, സതീശന്റെ കെമിസ്ട്രി അധ്യാപകനായിരുന്നു. ‘‘സംസ്ഥാനത്തിന്റെ ഒന്നാമൻ മുഖ്യമന്ത്രി, ആ മുഖ്യമന്ത്രിയുടെ ടീച്ചറാണ് ഞാൻ എന്ന് പറയുന്നതിനേക്കാളും വലിയ ഭാഗ്യം വേറെ എന്താണുള്ളത്?. ദൈവം തന്ന വലിയ ഭാഗ്യമായി ഇതിനെ കാണുന്നു. ഈ സംസ്ഥാനത്തിന് മുതൽകൂട്ടായി എന്റെ കുട്ടി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്’’-ടീച്ചർ പറഞ്ഞു.
പഠിക്കുന്ന കാര്യത്തിലും സ്‌കൂളിലെ മറ്റെല്ലാ കാര്യങ്ങളിലും സതീശൻ ശരിക്കുമൊരു ഓൾ റൗണ്ടറായിരുന്നു. മനസ്സിൽ കരുണയുള്ള ആളാണ്. വ്യക്തിബന്ധങ്ങളെയും കുടുംബബന്ധങ്ങളെയുമെല്ലാം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നയാൾ കൂടിയാണ്. സ്‌കൂളിൽ നന്നായി പഠിക്കുകയും തിളങ്ങുകയും പെരുമാറുകയുമൊക്കെ ചെയ്യുന്ന കുട്ടികൾ നമ്മുടെ മനസ്സിൽനിന്ന് ഒട്ടും പോകില്ല. സതീശൻ അത്തരം വിദ്യാർഥിയായിരുന്നു. പിന്നീട് വലുതായി ഒരേ രാഷ്ട്രീയത്തിലും കൂടിയായതോടെ സതീശനെ എപ്പോഴും കാണാനും സ്നേഹം പുതുക്കാനും അവസരമുണ്ടായിരുന്നുവെന്ന് ടീച്ചർ പറഞ്ഞു.
45 വർഷമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന സുധാംബിക ടീച്ചർ മണ്ഡലം പ്രസിഡന്റ് മുതൽ കെ.പി.സി.സി നിർവാഹക സമിതി അംഗം വരെ ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭർത്താവിന് ശാരീരികാസ്വാസ്ഥ്യങ്ങൾ വന്നതോടെ മൂന്നുവർഷമായി ടീച്ചർ പുറത്തെ പരിപാടികൾക്കൊന്നും പോകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.