കോതമംഗലം: സാമൂഹിക സേവന രംഗത്ത് പൊതുസമൂഹത്തെ ചേർത്തുനിർത്തി നടത്തിയ മുന്നേറ്റങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് സംസ്ഥാന സ്കൂൾ അധ്യാപക അവാർഡ് ജേതാവ് രൂപ നായർ. 13 വർഷക്കാലത്തെ അധ്യാപക ജീവിതത്തിൽ ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങൾ പൊതുസമൂഹം നൽകിയ പിന്തുണ വളരെ വലുതാണ്.
2007ൽ തിരുവനന്തപുരം കാട്ടാക്കട വീരണക്കാവ് സ്കൂളിൽ ബയോളജി അധ്യാപികയായാണ് ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് മണക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2013 വരെ. ഹെൽത്ത് ക്ലബ് കൺവീനറായി ചുമതലയേറ്റതോടെ സാമൂഹ്യസേവന രംഗത്തേക്ക് ഇവിടെ നിന്നാണ് തുടക്കം. എൻ.ആർ.എച്ച്.എമ്മിെൻറ സഹകരണത്തോടെ നിരവധി പദ്ധതികൾ നടപ്പാക്കി. നേത്ര പരിശോധന, ഗൈനക്കോളജി ക്യാമ്പുകൾ സംഘടിപ്പിച്ചു. നെഹ്റു യുവകേന്ദ്രയുടെ സഹായത്തോടെ പെൺകുട്ടികൾക്കായി ഇൻസർവേറ്റർ സ്ഥാപിച്ചു. 2013 പ്രിൻസിപ്പലായി വീണ്ടും വീരണക്കാവിലെത്തി.
2017ലാണ് കോതമംഗലം മാതിരപ്പിള്ളി സ്കൂളിലേക്ക് മാറ്റം ലഭിക്കുന്നത്. സോഷ്യൽ വർക്കുകൾക്കായി സ്കൂളിൽ വിവിധ ക്ലബുകൾ ആരംഭിച്ചു. 2019ലെ പ്രളയത്തിൽ സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ വീടുകളിൽനിന്ന് ഉപേക്ഷിച്ച പാത്രങ്ങൾ ശേഖരിച്ച് വിറ്റ് പുതിയ പാത്രങ്ങൾ വാങ്ങി നിലമ്പൂരിലെ ദുരിതബാധിതർക്ക് എത്തിച്ചു. സ്പോർട്സിൽ മികവ് പുലർത്തുന്ന ദേശീയ അന്തർദേശീയ താരങ്ങൾക്ക് സ്പെഷൽ ക്ലാസുകൾ നൽകി പഠനത്തിലും മുൻപന്തിയിലെത്തിക്കുന്നത്. എസ്.ഇ.ആർ.ടിയുടെ റിസർച്ച് അധ്യാപകരായി തെരഞ്ഞെടുക്കപ്പെട്ട ആറ് പേരിൽ ഒരാളാണ് രൂപ. ദേശഭക്തി സ്മൃതിയാത്രയുടെ ഭാഗമാകാനും ഹോം ലൈബ്രറികൾ ഒരുക്കാനും കഴിഞ്ഞു. തിരുവനന്തപുരത്ത് ബോഡി ഫിറ്റ്നസ് ഉൽപന്നങ്ങളുടെ വിപണന കേന്ദ്രം നടത്തുന്ന പ്രോംജിത്ത് ലാലാണ് ഭർത്താവ്. ബി.ടെക് വിദ്യാർഥി ആദിത്യ, ആറാം ക്ലാസ് വിദ്യാർഥിനി അതിഥി എന്നിവരാണ് മക്കൾ. കോതമംഗലം അരമനപ്പടിയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.