ഇർഷാദിനെ തേടി വന്ന യുവതി ആര് ?

പേരാമ്പ്ര : ഇർഷാദ് വിദേശത്തു നിന്നെത്തി നാലാം ദിവസം അയാളുടെ വീട്ടിലെത്തിയ പത്തനംതിട്ട സ്വദേശി യുവതി ആരാണെന്ന ചോദ്യം സജീവമാവുന്നു. മെയ് 18 ന് വൈകീട്ടാണ് യുവതി പന്തിരിക്കരയിലെ ഇർഷാദിന്റെ കോഴികുന്നുമ്മൽ വീട്ടിൽ എത്തുന്നത്. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സി.പി.എം, ഡി.വൈ.എഫ്. ഐ പ്രവർത്തകരാണ് യുവതിയെ ഇർഷാദിന്റെ വീട്ടിൽ എത്തിച്ചതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്ന് ഉന്നത സി.പി.എം നേതാവിന്റെ കത്തുമാ യാണ് യുവതി സി.പി.എം പന്തിരിക്കര ഓഫീസിലെത്തിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ദുബൈയിൽ ജോലി ചെയ്തിരുന്ന യുവതി നൽകിയ സ്വർണം ഇർഷാദ് നാട്ടിലേക്ക് കൊണ്ടുവന്നതായും ഇത് തിരിച്ചു കിട്ടാൻ വേണ്ടിയാണ് യുവതി ഇർഷാദിന്റെ വീട്ടിലെത്തിയതെന്നും പറയുന്നു. യുവതിയുടെ ഭർത്താവിനെ സ്വർണക്കടത്തു സംഘം അവിടെ തടഞ്ഞുവെച്ചതായും പറഞ്ഞിരുന്നു.

ഒരു ദിവസം യുവതി ഇർഷാദിന്റെ വീട്ടിൽ താമസിച്ചതിനു ശേഷമാണ് മടങ്ങിയത്. യുവതി പന്തിരിക്കരയിലെത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, ലീഗ്, സി.പി.എം നേതാക്കൾ കോൺഗ്രസ് നേതാവ് വി. പി. ഇബ്രാഹിമിന്റെ വീട്ടിൽ ചേർന്ന് യുവതിയോട് കാര്യങ്ങൾ അന്വേഷിച്ചു. ഇർഷാദിൽ നിന്നും സ്വർണം ലഭിക്കാനുണ്ടെന്ന് യുവതി പറഞ്ഞതോടെ കാര്യങ്ങൾ പൊലീസിനെ ധരിപ്പിക്കാൻ യു.ഡി.എഫ് നേതാക്കൾ പറയുകയും മറ്റൊരു ചർച്ചക്കും ഇല്ലെന്ന് അറിയിക്കുകയും ചെയ്തതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ പൊലീസിൽ അറിയിക്കാൻ യുവതി തയ്യാറായില്ല.

കോൺഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി മാധ്യമത്തോട് പറഞ്ഞത്. യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞതല്ലാതെ താൻ ഇർഷാദിന്റെ വീട്ടിൽ യുവതിയേയും കൂട്ടി പോയിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. മെയ് 19 ന് താൻ തന്നെ യുവതി വന്ന വിവരം പൊലീസിൽ അറിയിച്ചതായും ഉണ്ണി വേങ്ങേരി പറഞ്ഞു. യുവതിക്കെതിരെ ഇർഷാദിന്റെ പിതാവ് നാസറും മാതാവ് നഫീസയും പരാതി നൽകിയിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് പറയുന്നു. അന്ന് അന്വേഷണം കാര്യക്ഷമമായി നടന്നിരുന്നെങ്കിൽ ഒരു പക്ഷെ ഇർഷാദിന്റെ ജീവൻ നഷ്ടമാവില്ലായിരുന്നു. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി മുഹമ്മദ് സ്വാലിഹുമായും യുവതിക്ക് ബന്ധമുണ്ടെന്നാണ് അറിയുന്നത്.

Tags:    
News Summary - Who is the young woman who came looking for Irshad?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.